NationalNews

പ്രശാന്ത് കിഷോർ ബി.ജെ.പി. ഏജന്റ്, പരാജയംമണത്ത് ഇറക്കി കളിപ്പിക്കുന്നു: തേജസ്വി യാദവ്‌

പട്‌ന: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെതിരേ ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്. പ്രശാന്ത് കിഷോര്‍ ബി.ജെ.പി. ഏജന്റ് ആണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. പോളിങ്ങിന്റെ മൂന്ന്-നാല് ഘട്ടം കഴിഞ്ഞതോടെ പ്രശാന്ത് കിഷോറിനെ ഇറക്കി പ്രതീതി സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും തേജസ്വി ആരോപിച്ചു.

മുന്‍പ് ബി.ജെ.പി. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പ്രശാന്ത് കിഷോര്‍ പിന്നീട് ജന്‍ സുരാജ് എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിക്കുകയായിരുന്നു.

ജില്ലാ പ്രസിഡന്റുമാര്‍ക്ക് പ്രശാന്ത് കിഷോര്‍ ശമ്പളം നല്‍കുന്നുണ്ടെന്നും തേജസ്വി പറഞ്ഞു. ബി.ജെ.പി. പോലും അങ്ങനെ ചെയ്യുന്നില്ല. അദ്ദേഹത്തിന് പണം കിട്ടുന്നത് എവിടെനിന്നാണെന്ന് അറിയില്ല. അദ്ദേഹം എല്ലാ വര്‍ഷവും വെവ്വേറെ പാര്‍ട്ടികള്‍ക്കൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം നിങ്ങളുടെ വിവരങ്ങള്‍ എടുക്കുകയും മറ്റൊന്ന് തരികയും ചെയ്യും. അദ്ദേഹം വെറും ബി.ജെ.പി. ഏജന്റ് മാത്രമല്ല. അദ്ദേഹത്തിന്റെ മനസ്സും ബി.ജെ.പിയാണ്. അദ്ദേഹം പിന്തുടരുന്നത് അവരുടെ പ്രത്യയശാസ്ത്രമാണ്. ബി.ജെ.പി. അവരുടെ തന്ത്രത്തിന്റെ ഭാഗമായി പ്രശാന്ത് കിഷോറിന് പണം നല്‍കുകയാണ്, തേജസ്വി ആരോപിച്ചു.

അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് പ്രശാന്ത് കിഷോറിനെ ജെ.ഡി.യുവിന്റെ ദേശീയ വൈസ് പ്രസിഡന്റ് ആക്കിയതെന്ന് നിതീഷ് കുമാര്‍ പോലും പറഞ്ഞിട്ടുണ്ടെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. ഇന്നുവരെ ആ അവകാശവാദത്തെ അമിത് ഷായോ പ്രശാന്ത് കിഷോറോ തള്ളിക്കളഞ്ഞിട്ടില്ല. തുടക്കം മുതല്‍ അദ്ദേഹം ബി.ജെ.പിക്ക് ഒപ്പമായിരുന്നു. അദ്ദേഹം ഏതൊക്കെ പാര്‍ട്ടിയില്‍ ചേരുന്നോ അതൊക്കെ നശിക്കുമെന്നും തേജസ്വി ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button