NationalNews

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലായ് ഒന്നുമുതൽ നിലവിൽവരും: നിയമമന്ത്രി

ന്യൂഡല്‍ഹി: നിലവിലെ ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തിലാവുന്നത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി.), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവില്‍ വരുന്നത്.

ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ മാറുകയാണ്. കൂടിയാലോചനകള്‍ക്കുശേഷം, നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട പരിശീലന സൗകര്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

2023 ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളായിരുന്നു സഭകള്‍ പാസാക്കിയത്. ഡിസംബര്‍ അവസാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി മാറി.

പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാല്‍, ഭാരതീയ ന്യാസംഹിതാ ബില്ലില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി നിലനിര്‍ത്തിയിട്ടുണ്ട്. ഏതു കേസിലും നിലവിലെ പോലീസ് കസ്റ്റഡിക്കാലാവധി,

അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചുദിവസമാണ്. ഇതിനപ്പുറവും പോലീസ് കസ്റ്റഡി നീട്ടാനുതകുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അതേസമയം, അന്വേഷണവും കുറ്റപത്ര സമര്‍പ്പണവുമടക്കമുള്ള കേസ് നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker