CrimeKeralaNews

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; ഒന്നാംപ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇരട്ട കൊലപാത കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വധശിക്ഷ വിധി റദ്ദാക്കിയത്. വധ ശിക്ഷയ്ക്ക് പകരം പരോളില്ലാത്ത 25 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. രണ്ടാംപ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു.

അനുശാന്തിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. അനുശാന്തിയുടെ 4 വയസുകാരി മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ പട്ടാപ്പകൽ വീട്ടിൽ കയറി നിനോ മാത്യു ക്രൂരമായി കൊലപ്പെടുത്തിയത്.

കൊലപാതകം, കൊലപാതക ശ്രമം, തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രണ്ട് പ്രതികളും കുറ്റക്കാരാണെന്നും കണ്ടെത്തി. ഒന്നാം പ്രതി നിനോ മാത്യൂവിന് വധശിക്ഷ നല്‍കിയ കോടതി രണ്ടാംപ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്.

അന്‍പത് ലക്ഷം രൂപ വീതം രണ്ട് പ്രതികള്‍ക്കും പിഴയും വിചാരണക്കോടതി വിധിച്ചു. സ്വന്തം മകളെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണ് എന്നായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരാമര്‍ശം.

ടെക്‌നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യൂവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാനായിരുന്നു കൊലപാതകം. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിനും ഗുരുതര പരിക്കേറ്റിരുന്നു. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button