NationalNews

‘കാറോടിച്ചെന്ന് സമ്മതിച്ചാൽ പണം തരാം’ ഡ്രൈവറോട് കുറ്റമേൽക്കാൻ 17കാരന്റെ മാതാപിതാക്കൾ നിർബന്ധിച്ചതായി റിപ്പോര്‍ട്ട്‌

പൂനെ: പോർഷെ കാറിൽ അമിതവേഗത്തിലോടിച്ച് അപകടം വരുത്തി രണ്ട് എഞ്ചിനീയർമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ 17കാരനെ രക്ഷിക്കാൻ രക്ഷകർത്താക്കൾ ശ്രമിച്ചതിന്റെ സൂചനകൾ പുറത്ത്. അപകടമുണ്ടായ സമയത്ത് താനാണ് വാഹനം ഓടിച്ചതെന്ന് ഡ്രൈവർ പൊലീസിനെ അറിയിച്ചിരുന്നു. ഇങ്ങനെ പൊലീസിനോട് പറയണമെന്ന് 17കാരന്റെ മാതാവും പിതാവും ഡ്രൈവറോട് ആവശ്യപ്പെട്ടു. കുറ്റം ഏൽക്കുന്നതിന് പകരമായി പണം പ്രതിഫലമായി നൽകാമെന്ന് ഇവർ ഓഫറും നൽകി.

തന്റെ ഡ്രൈവറാണ് കാറോടിച്ചതെന്ന് ചോദ്യംചെയ്യലിൽ 17കാരൻ പൊലീസിനോട് പറഞ്ഞു. അപകടസമയത്ത് ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും ഇതിനെ പിൻതാങ്ങി. തുടർന്ന് വ്യാഴാഴ്‌ച ഡ്രൈവറെ ചോദ്യം ചെയ്‌തു. എന്നാൽ അപകടമുണ്ടാക്കിയതെന്ന് സംശയിക്കുന്ന 17കാരൻ മുൻപും കാറുകൾ ഓടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാളുടെ റിയൽ എസ്‌റ്റേറ്റ് വ്യവസായിയായ പിതാവിന്റെ പേരിലുള്ള ഒരു ഓഡി കാർ 17കാരൻ ഓടിച്ചിട്ടുണ്ട്.

എന്നാൽ അപകടമുണ്ടാക്കിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തിച്ച 17കാരന് ബർഗറും പിസയും വാങ്ങിനൽകി എന്ന ആരോപണത്തെ പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ തള്ളി.മേയ് 19ന് നടന്ന അപകടത്തെ തുടർന്ന് 17കാരന്റെ പിതാവ് വിശാൽ അഗർവാളിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

അമിതമായി മദ്യപിച്ച് 200 കിലോമീറ്ററിലധികം വേഗത്തിൽ പോർഷെ ടയ്കൻ കാറോടിച്ച് അപകടം വരുത്തിയ 17കാരന് ഉടൻ ജാമ്യം ലഭിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിലുണ്ടായിരുന്നു. കർണാടകയിൽ നിന്നുള്ള ആറ്മാസത്തേക്കുള്ള താൽക്കാലിക രജിസ്‌ട്രേഷൻ മാത്രമുപയോഗിച്ച് മാസങ്ങളോളമായി വണ്ടി ഓടുന്നുണ്ട്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ ചെയ്തിട്ടില്ല കേവലം1758 രൂപ അടക്കാത്തതിനാലാണിത്. ഈ പണം അടച്ച് രജിസ്ട്രേഷൻ നേടേണ്ടത് വാഹന ഉടമ തന്നെയാണെന്ന് അധികൃതർ അറിയിച്ചു.

രണ്ടര കോടി രൂപ വിലവരുന്ന പോർഷെ ടയ്കൻ കാറിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം 200 കിലോമീറ്ററിലധികം വേഗതയിൽ കുതിച്ചുപായുന്നതിനിടെയാണ് 17കാരൻ കഴിഞ്ഞ ശനിയാഴ്ച അപകടമുണ്ടാക്കിയത്. 24 വയസ് മാത്രം പ്രായമുള്ള ഐടി ജീവനക്കാരായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button