KeralaNews

കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്‍റെ രീതിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ,ദൈവത്തിന്‍റെ പേരിൽ മോഷ്ടിക്കുന്നവർ മാത്രം ദൈവത്തെ പേടിച്ചാൽ മതിയെന്നും ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല (Sabarimala) ദർശനവിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം മന്ത്രി. കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്‍റെ രീതിയാണെന്ന് പറഞ്ഞ മന്ത്രി കെ രാധാകൃഷ്ണൻ (Minister K Radhakrishnan) ദൈവത്തിന്‍റെ പേരിൽ മോഷ്ടിക്കുന്നവർ മാത്രം ദൈവത്തെ പേടിച്ചാൽ മതിയെന്നും പറഞ്ഞു. മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി (Minister of Devaswom) കൈ കൂപ്പാതിരുന്നതും തീർത്ഥം കുടിക്കാതിരുന്നതിനും എതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

സിപിഎം നേതാവ് കൂടിയായ ദേവസ്വം പ്രസിഡണ്ട് ആചാരം പാലിച്ചിട്ടുണ്ടെന്നും മന്ത്രി അങ്ങിനെ ചെയ്തില്ല എന്നും വിമർശകർ ചൂണ്ടികാട്ടി. വീഡിയോ ചർച്ചയാകുന്നതിനിടെയാണ് കെ രാധാകൃഷൻ വിശദീകരണവുമായി രംഗത്തെത്തിയത്. ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷണത്തിന് സർക്കാർ എന്ത് ചെയ്യുന്നു എന്നാണ് വിമർശകർ പരിശോധിക്കേണ്ടെതെന്നും ദേവസ്വംമന്ത്രി പറഞ്ഞു. കൊവിഡും മഴയും കാരണമാണ് താൽക്കാലിക നിയന്ത്രണം കൊണ്ടുവന്നതെന്നും തീർത്ഥാടകരെ എല്ലാ കാലത്തും നിയന്ത്രിക്കണമെന്ന് സർക്കാറിന് ഉദ്ദേശമില്ലെന്നും മന്ത്രി അറിയിച്ചു.

ശബരിമല ദര്‍ശനത്തിന് നാളെമുതൽ സ്പോട്ട് ബുക്കിംഗ് നടത്താമെന്ന് സർക്കാർ വ്യക്തമാക്കി. പത്ത് ഇടത്താവളങ്ങളില്‍ ഇതിനായി സൗകര്യം ഏര്‍പ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വെർച്വൽ ക്യു വഴിയുള്ള ബുക്കിംഗ് സൗകര്യത്തിന് പുറമെയാണ് സ്പോർട്ട് ബുക്കിംഗ്. വെർച്വൽ ക്യു നിയന്ത്രണം സർക്കാരിൽ നിന്ന് മാറ്റി ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് സർക്കാർ നിലപാടറിയിച്ചത്.

മുൻകൂർ ബുക്കിംഗ് നടത്താത്ത തീർത്ഥാടകർക്കും സ്പോർട്ട് ബുക്കിംഗ് നടത്തി ശബരിമല ദർശനത്തിനെത്താം. ആധാർ കാർഡ്, പാസ്പോർട്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തണ്ടത്. ബുക്കിംഗ് നടത്തുന്നവർ രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവരോ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ ആകണമെന്നും സർക്കാർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker