28.9 C
Kottayam
Tuesday, May 14, 2024

കിവികളുടെ ചിറകരിഞ്ഞു, രോഹിത്ത് ശർമ്മയ്ക്ക് വിജയത്തുടക്കം

Must read

ജയ്പുർ:ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ ജയം. ന്യൂസീലൻഡ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.

62 റൺസടിച്ച സൂര്യകുമാർ യാദവും 48 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന ഓവറുകളിൽ സമ്മർദ്ദത്തിൽ വീഴ്ത്താൻ കിവീസ് ബൗളർമാർക്ക് സാധിച്ചു. സ്കോർ: ന്യൂസീലൻഡ് 20 ഓവറിൽ ആറിന് 164. ഇന്ത്യ 19.4 ഓവറിൽ അഞ്ചിന് 166

ട്വന്റി 20 ലോകകപ്പിൽ ന്യൂസീലൻഡിനോടേറ്റ തോൽവിയ്ക്ക് പകരം ചോദിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.

165 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിതും രാഹുലുമാണ് ഓപ്പൺ ചെയ്തത്. സൗത്തി എറിഞ്ഞ മൂന്നാം ഓവറിൽ രണ്ട് ഫോറും ഒരു സിക്സുമടിച്ച് രോഹിത് ഫോമിലേക്കുയർന്നു. പിന്നാലെ രാഹുലും ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. വെറും 4.5 ഓവറിൽ ടീം സ്കോർ 50 കടന്നു

എന്നാൽ തൊട്ടടുത്ത ഓവറിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച രാഹുൽ മിച്ചൽ സാന്റ്നറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 15 റൺസെടുത്ത രാഹുലിനെ ചാപ്മാൻ ക്യാച്ചെടുത്ത് പുറത്താക്കി. രാഹുലിന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി.

സൂര്യകുമാറും നന്നായി ബാറ്റ് ചെയ്തതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. ആദ്യ പത്തോവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 85 റൺസെടുത്തു. 11.3 ഓവറിൽ ഇന്ത്യ 100 കടന്നു. ഒപ്പം സൂര്യകുമാറും രോഹിതും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.

എന്നാൽ ട്രെന്റ് ബോൾട്ട് ഈ കൂട്ടുകെട്ട് പൊളിച്ചു. 14-ാം ഓവറിലെ രണ്ടാം പന്തിൽ അർധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത് ശർമയെ ബോൾട്ട് രചിന്റെ കൈയ്യിലെത്തിച്ചു. 36 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 48 റൺസെടുത്താണ് ഇന്ത്യൻ നായകൻ ക്രീസ് വിട്ടത്.

രോഹിത്തിന് പകരം ഋഷഭ് പന്ത് ക്രീസിലെത്തി. പന്തിനെ സാക്ഷിയാക്കി തകർപ്പൻ സിക്സിന്റെ അകമ്പടിയോടെ സൂര്യകുമാർ യാദവ് അർധസെഞ്ചുറി നേടി. 34 പന്തുകളിൽ നിന്നാണ് താരം അർധശതകം കുറിച്ചത്. അടിച്ചുതകർത്ത സൂര്യകുമാർ ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു.

എന്നാൽ 17-ാം ഓവറിലെ നാലാം പന്തിൽ സൂര്യകുമാറിനെ ക്ലീൻ ബൗൾഡാക്കി ട്രെന്റ് ബോൾട്ട് കിവീസിന് ആശ്വാസം പകർന്നു. 40 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 62 റൺസെടുത്ത ശേഷമാണ് സൂര്യകുമാർ ക്രീസ് വിട്ടത്.

സൂര്യകുമാറിന് പകരം ശ്രേയസ്സ് അയ്യർ ക്രീസിലെത്തി. റൺസ് കണ്ടെത്താൻ ശ്രേയസ്സും പന്തും നന്നായി വിഷമിച്ചു. വെറും അഞ്ച് റൺസ് മാത്രമെടുത്ത ശ്രേയസ് സൗത്തിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതോടെ അവസാന ഓവറിൽ ഇന്ത്യയുടെ വിജയലക്ഷ്യം 10 റൺസായി. അരങ്ങേറ്റ മത്സരം കളിക്കുന്ന വെങ്കടേഷ് അയ്യർ ക്രീസിലെത്തി.

ഡാരിൽ മിച്ചലാണ് അവസാന ഓവറെറിഞ്ഞത്. താരത്തിന്റെ ആദ്യ പന്ത് തന്നെ വൈഡായി. ഇതോടെ വിജയലക്ഷ്യം ഒൻപത് റൺസായി. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിക്കൊണ്ട് വെങ്കടേഷ് ഇന്ത്യയുടെ സമ്മർദം കുറച്ചു. എന്നാൽ തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച വെങ്കടേഷ് രചിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ വന്ന അക്ഷർ പട്ടേൽ സിംഗിളെടുത്തു. നാലാം പന്തിൽ ഫോറടിച്ചുകൊണ്ട് പന്ത് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.

ന്യൂസീലൻഡിനുവേണ്ടി ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സാന്റ്നർ, സൗത്തി, മിച്ചൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലിന്റെയും 63 റൺസ് നേടിയ മാർക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.

ഒരു ഘട്ടത്തിൽ വലിയ സ്കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ കിവീസ് ഓപ്പണർ ഡാരിൽ മിച്ചലിനെ ക്ലീൻ ബൗൾഡാക്കി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങാനായിരുന്നു മിച്ചലിന്റെ വിധി.

മിച്ചലിന് പകരം യുവതാരം മാർക്ക് ചാപ്പ്മാൻ ക്രീസിലെത്തി. ചാപ്പ്മാനും ഗപ്റ്റിലും അതീവശ്രദ്ധയോടെയാണ് കളിച്ചുതുടങ്ങിയത്. ബാറ്റിങ് പവർപ്ലേയിൽ ന്യൂസീലൻഡ് 41 റൺസെടുത്തു. ചാപ്മാൻ ആക്രമിച്ച് കളിച്ചപ്പോൾ ഗപ്റ്റിൽ സിംഗിളുകളുമായി കളം നിറഞ്ഞു. 7.2 ഓവറിൽ കിവീസ് 50 റൺസെടുത്തു. പിന്നാലെ ചാപ്മാനും ഗപ്റ്റിലും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.

ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഗപ്റ്റിലും ചാപ്മാനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്കോർ 92-ൽ നിൽക്കേ ചാപ്മാൻ അർധശതകം നേടി. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 അർധസെഞ്ചുറിയാണിത്. 12.4 ഓവറിൽ ന്യൂസീലൻഡ് സ്കോർ 100-ൽ എത്തി. പിന്നാലെ ഗപ്റ്റിലും ചാപ്മാനും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. 76 പന്തുകളിൽ നിന്നാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്.

സ്കോർ 110-ൽ നിൽക്കേ രവിചന്ദ്ര അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 50 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 63 റൺസെടുത്ത ചാപ്മാനെ അശ്വിൻ ക്ലീൻ ബൗൾഡാക്കി. കയറിയടിക്കാൻ ശ്രമിച്ച ചാപ്മാൻ പൂർണമായും പരാജയപ്പെട്ടു. ഗപ്റ്റിലിനൊപ്പം 109 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ചാപ്മാൻ ക്രീസ് വിട്ടത്.

ചാപ്മാന് പകരം ഗ്ലെൻ ഫിലിപ്സ് ക്രീസിലെത്തി. എന്നാൽ നിലയുറപ്പിക്കും മുൻപ് ഫിലിപ്സിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ കിവീസിന് ഇരട്ട പ്രഹരമേൽപ്പിച്ചു. മൂന്ന് പന്തുകൾ നേരിട്ട ഫിലിപ്സിന് അക്കൗണ്ട് തുറക്കാനായില്ല. ഫിലിപ്സിന് പകരം ടിം സീഫേർട്ട് ക്രീസിലെത്തി.

വൈകാതെ ഗപ്റ്റിൽ അർധസെഞ്ചുറി നേടി. 31 പന്തുകളിൽ നിന്നാണ് താരം അർധശതകം നേടിയത്.ക്ഷമയോടെ കളിച്ചുതുടങ്ങിയ ഗപ്റ്റിൽ പിന്നീട് ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഭുവനേശ്വർ കുമാർ ചെയ്ത 17-ാം ഓവറിൽ സീഫേർട്ടിനെ പുറത്താക്കാനുള്ള അനായാസ ക്യാച്ച് അക്ഷർ പട്ടേൽ പാഴാക്കി. 17.1 ഓവറിൽ ടീം സ്കോർ 150 കടന്നു.

എന്നാൽ തൊട്ടടുത്ത പന്തിൽ അപകടകാരിയായ ഗപ്റ്റിലിനെ മടക്കി ദീപക് ചാഹർ ഇന്ത്യയ്ക്ക് ആശ്വാസം പകർന്നു. 42 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 70 റൺസെടുത്ത ഗപ്റ്റിലിനെ ചാഹർ ശ്രേയസ്സ് അയ്യരുടെ കൈയ്യിലെത്തിച്ചു.

ഗപ്റ്റിലിന് പകരം യുവതാരം രചിൻ രവീന്ദ്ര ക്രീസിലെത്തി. ഗപ്റ്റിൽ മടങ്ങിയതോടെ കിവീസിന്റെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. 19-ാം ഓവറിൽ 12 റൺസെടുത്ത സീഫേർട്ടിനെ സൂര്യകുമാറിന്റെ കൈയ്യിലെത്തിച്ച് ഭുവനേശ്വർ കുമാർ ന്യൂസീലൻഡിന്റെ അഞ്ചാം വിക്കറ്റെടുത്തു.

പിന്നാലെ ക്രീസിലെത്തിയത് സാന്റ്നറാണ്. അവസാന ഓവറിൽ സിറാജ് ഏഴുറൺസെടുത്ത രചിന്റെ വിക്കറ്റ് പിഴുതു. സാന്റ്നർ (4) പുറത്താവാതെ നിന്നു.ഇന്ത്യയ്ക്ക് വേണ്ടി അശ്വിനും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദീപക് ചാഹറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week