FeaturedHome-bannerKeralaNews

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്‌ കേരളത്തെ അനുവദിക്കരുത്; കേന്ദ്രത്തിന് കത്ത് നൽകി തമിഴ്‌നാട്‌

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കത്തു നൽകി. സുപ്രീംകോടതി ഉത്തരവു മറികടന്നുള്ളതാണ് ഇൗ നീക്കം. പദ്ധതിയുമായി മുന്നോട്ടു പോയാൽ തമിഴ്നാട് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് കത്തിൽ പറയുന്നു.

പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന എന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി 28നു നടത്താനിരിക്കുന്ന യോഗത്തിൽ പരിഗണനാ വിഷയമായി(ടേംസ് ഓഫ് റഫറൻസ്) ഉൾപ്പെടുത്തിയതിനെ തുടർന്നാണു പ്രതിഷേധവുമായി തമിഴ്നാട് രംഗത്തെത്തിയത്. തമിഴ്നാട് സർക്കാരിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാൻ കേരള സർക്കാരിന് അനുമതി നൽകരുതെന്നുള്ള കത്തും തമിഴ്നാട് ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിനു നൽകും.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള വിശദ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പുതിയ അണക്കെട്ട് നിർമിക്കാൻ കുറഞ്ഞത് 7 വർഷം വേണമെന്നാണ് ജലസേചന വകുപ്പിന്റെ നിഗമനം. എന്നാൽ, അടിയന്തരമായി ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ടാൽ 5 വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണു വിലയിരുത്തൽ. പുതിയ അണക്കെട്ടിന്റെ രൂപരേഖ പൂർത്തിയായി. പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവയാണ് ഇനി വേണ്ടത്.

പുതിയ അണക്കെട്ടിനായി ഡിപിആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. ആദ്യ ഡിപിആർ 2011 ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇവിടെ നിന്നു 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button