33.4 C
Kottayam
Sunday, May 5, 2024

സ്വപ്‌ന സുരേഷിന് സ്വന്തം ബോഡിഗാർഡ്;രണ്ട് ജീവനക്കാ‌ർ മുഴുവൻ സമയവും ഒപ്പമുണ്ടാവും

Must read

കൊച്ചി: സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായ് രണ്ട് ജീവനക്കാരെ നിയോഗിച്ചു. സുരക്ഷാ ജീവനക്കാര്‍ മുഴുവന്‍ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകും. അതേസമയം സ്വപ്ന സുരേഷ് കൊച്ചിയിലേക്ക് തിരിച്ചു. അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്. പുറത്ത് നടക്കുന്ന പ്രതിഷേധങ്ങൾ തൻ്റെ വിഷയമല്ല. പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇന്നലെ രാത്രി മാധ്യമങ്ങൾക്ക് മുമ്പിൽ സ്വപ്‍ന കുഴഞ്ഞ് വീണിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സ്വപ്നയെ പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു.

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായാണ്  അഭിഭാഷകരെ കാണുന്നത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സ്വർണക്കടത്ത് കേസിൽ മൊഴി നൽകിയതിലുള്ള പ്രതികാരമാണ് പുതിയ കേസെന്ന നിലപാടിലാണ് സ്വപ്ന. 

അതേസമയം സ്വപ്നയ്ക്ക് എതിരായ പരാതിയില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇരുവരോടും ഉടന്‍ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു.സ്വപ്നയുമായുള്ള സംഭാഷണത്തിന്‍റെ വീഡിയോ കിട്ടിയാല്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. തന്നെ കെണിയിൽ പെടുത്താൻ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോൺ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു.

തന്നെയും സുഹൃത്തിനെയും കുടുക്കാൻ സ്വപ്ന ശ്രമിച്ചു. ശബ്ദരേഖയിൽ കൃത്രിമം നടത്തി തങ്ങൾക്ക് മാനനഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. തമിഴ്നാട്ടിൽ എത്തിയ ശേഷമാണ് ഷാജ് കിരണ്‍ അഭിഭാഷകൻ മുഖേന പരാതി നൽകിയത്. വീഡിയോ സ്വപ്നയുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയുടേത് ആണെന്നും തെറ്റായ വീഡിയോ സംബന്ധിച്ച സ്വപ്നയുടെ ആശങ്കകകൾക്ക് അടിസ്ഥാനമില്ലെന്നും അത് സ്വപ്നയെ കൊണ്ട് മറ്റാരോ പറയിപ്പിക്കുന്നതാണെന്നും ഇന്നലെ ഇബ്രാഹിം പറഞ്ഞിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week