സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം; മരിച്ചത് തിരുവനന്തപുരം പാറശ്ശാല സ്വദേശി,ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടമായത് രണ്ട് പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം റിപ്പോര്‍ട്ട് ചെയ്തു. പാറശാല പരശുവയ്ക്കല്‍ അമ്പാടി സ്വദേശി സുബിത (38) ആണ് മരിച്ചത്. വൃക്കരോഗിയായ ഇവര്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പെടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പരിസരപ്രദേശങ്ങളില്‍ 68 പരം വീടുകള്‍ പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ നിന്നും രോഗം കൂടുതല്‍ ആളുകളില്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല.
ഇതിനുമുമ്പ് വര്‍ക്കല സ്വദേശിനിയായ 15 വയസുകാരി ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. വര്‍ക്കല മരടുമുക്ക് സ്വദേശിനി അശ്വതിയായിരുന്നു മരിച്ചത്. പത്താംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് അശ്വതി രോഗം ബാധിച്ച് മരിച്ചത്.