CrimeKeralaNews

പദ്ധതിയിട്ടത് സഹോദരന്റെ കുടുംബത്തെ ഉന്മൂലനംചെയ്യാൻ;താഹിറയുടേത്‌ കൃത്യമായ ആസൂത്രണം

കൊയിയിലാണ്ടി: സഹോദരന്റെ കുടുംബത്തെ മുഴുവനായി ഉന്മൂലനംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അരിക്കുളത്തെ കോറോത്ത് താഹിറ തന്റെ ‘ക്രിമിനൽ’ ബുദ്ധി പ്രയോഗിച്ചതെന്ന് പോലീസ് നിഗമനം. ഇതിനായി കുടുംബത്തിന് മൊത്തംകഴിക്കാനുള്ള ഐസ്‌ക്രീം പാക്കറ്റ് വാങ്ങി അതിൽ വിഷംകലർത്തിയാണ് താഹിറ സഹോദരൻ മുഹമ്മദലിയുടെ വീട്ടിലെത്തിയത്.

താഹിറ വീട്ടിലെത്തിയനേരത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ രിഫായി മാത്രമാണ് അവിടെയുണ്ടായിരുന്നത്. പിതൃസഹോദരി സ്നേഹത്തോടെ വെച്ചുനീട്ടിയ ഐസ്‌ക്രീമിന്റെ ചെറിയൊരുഭാഗം ആ പന്ത്രണ്ടുകാരൻ അല്പാല്പമായി നുണഞ്ഞു. രുചിവ്യത്യാസം ഉണ്ടായതിനെത്തുടർന്ന് ബാക്കി ഉപേക്ഷിക്കുകയായിരുന്നു. ഉമ്മയും രണ്ടുസഹോദരങ്ങളും ഈ സമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാലാണ് അവർ രക്ഷപ്പെട്ടത്.

മുഹമ്മദലിയും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം ചങ്ങരോത്തായിരുന്നു താമസം. ഈ അടുത്താണ് അരിക്കുളത്ത് വീട് വാടകയ്ക്കെടുത്ത് അതിലേക്ക് താമസംമാറ്റിയത്. കുട്ടികളെല്ലാം ചങ്ങരോത്ത് എം.യു.പി. സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. മരിച്ച അഹമ്മദ് ഹസൻ റിഫായി ആറാംക്ലാസ് വിദ്യാർഥിയാണ്.

മുഹമ്മദലിയുടെ ഭാര്യ അസ്മയോട് താഹിറയ്ക്ക് നേരത്തേതന്നെ വിദ്വേഷമുണ്ടായിരുന്നു. കുട്ടികളോടൊപ്പം ഇവരെയും താഹിറ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പോലീസ് അനുമാനം. ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്നാണ് കുട്ടി മരിച്ചതെന്ന സംശയത്തെത്തുടർന്ന് ആരോഗ്യവകുപ്പധികൃരും പോലീസും ഐസ്‌ക്രീം വിറ്റ കട സീൽചെയ്ത് രണ്ടുദിവസം അടപ്പിച്ചിരുന്നു.

ഇവിടെനിന്ന്‌ ഐസ്‌ക്രീം വാങ്ങിക്കഴിച്ച മറ്റുള്ളവർക്കൊന്നും ഭക്ഷ്യവിഷബാധ ഏൽക്കാതിരുന്നതും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരിച്ച അഹമ്മദ് ഹസൻ രിഫായിയുടെ ശരീരത്തിൽ അമോണിയയുടെയും ഫോസ്‌ഫേറ്റിന്റെയും അംശം കൂടുതലായി കണ്ടെത്തിയതും പോലീസിന്റെ സംശയം ഇരട്ടിപ്പിച്ചു.

ഐസ്‌ക്രീമിൽ ഒരു കാരണവശാലും ഉണ്ടാകാൻ സാധ്യതയില്ലാത്ത രാസവസ്തുവാണ് അമോണിയം ഫോസ്‌ഫേറ്റ്. മനഃപൂർവം ചേർക്കാതെ ഇതൊരിക്കലും ഐസ്‌ക്രീമിൽ എത്തില്ല. ഇതോടെ ഐസ്‌ക്രീം വാങ്ങി നൽകിയ താഹിറയിലേക്ക് പോലീസ് ശ്രദ്ധ തിരിഞ്ഞു. വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി. പലവട്ടം താഹിറയെ പോലീസ് ചോദ്യംചെയ്തെങ്കിലും ഇവർ വിദഗ്ധമായി ഒഴിഞ്ഞുമാറി.

എന്നാൽ, മൊഴികളിലെ വൈരുധ്യങ്ങളും സൂപ്പർമാർക്കറ്റിൽനിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളും ബന്ധപ്പെടുത്തി അന്വേഷണം നടത്തിയപ്പോൾ താഹിറതന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസിന് വ്യക്തമായി. തുടർന്നാണ് സംഭവത്തിനുശേഷം നാലാംനാൾ ആവുമ്പോഴേക്കും കുറ്റവാളിയെ കണ്ടെത്താൻ പോലീസിനായത്.

പന്ത്രണ്ടുവയസ്സുമാത്രമുള്ള കുട്ടിയെ സ്വന്തം പിതാവിന്റെ സഹോദരിതന്നെ വിഷം നൽകി കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിലാണ് അരിക്കുളം നിവാസികൾ. കേവലം ഭക്ഷ്യവിഷബാധയെന്ന് ആദ്യഘട്ടത്തിൽ അനുമാനിച്ച സംഭവമാണ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker