വന്ദേഭാരത്🚂ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കാസർകോട്ടേക്ക് 1,590 രൂപ:നിരക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം–കാസർകോട് വന്ദേഭാരതിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. രാവിലെ 8നാണ് ബുക്കിങ് ആരംഭിച്ചത്. ഐആർടിസിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
തിരുവനന്തപുരം–കാസർകോട് യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2,880 രൂപയുമാണ് നിരക്ക്. കാസർകോട് നിന്നുള്ള റഗുലർ സർവീസ് 26നും തിരുവനന്തപുരത്ത് നിന്ന് 28നുമാണ്.
തിരുവനന്തപുരത്ത് നിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ (ചെയർകാർ, എക്സിക്യുട്ടീവ് കാർ എന്നിങ്ങനെ)
കൊല്ലം– 435, 820
കോട്ടയം– 555, 1,075
എറണാകുളം നോർത്ത്– 765, 1,420
തൃശൂർ– 880, 1,650
ഷൊർണൂർ– 950, 1,775
കോഴിക്കോട്– 1,090, 2,060
കണ്ണൂർ– 1,260, 2,415
കാസർകോട്– 1,590, 2,880
സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങുന്നതോടെ രണ്ട് ട്രെയിനുകളുടെ സമയത്തിൽ ദക്ഷിണ റെയിൽവേ മാറ്റം വരുത്തി. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയമാണ് ഏപ്രിൽ 28 മുതൽ മാറുന്നത്.
നിലവിൽ 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് 28 മുതൽ പത്ത് മിനിട്ട് വൈകി 5.25ന് ആയിരിക്കും പുറപ്പെടുക. വന്ദേഭാരത് സർവീസ് തുടങ്ങുന്നത് 5.20ന് ആയതിനാലാണിത്. വേണാടിന്‍റെ തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള സമയത്തിലാണ് മാറ്റം വരുത്തിയത്.
പുതുക്കിയ സമയക്രമം അനുസരിച്ച് വേണാട് എക്സ്പ്രസ് ചിറയിൻകീഴിൽ രാവിലെ 5.50നും കടയ്ക്കാവൂരിൽ 5.54നും വർക്കലയിൽ 6.07നും കൊല്ലത്ത് 6.34നും ആയിരിക്കും എത്തുക. കരുനാഗപ്പള്ളിയിൽ 7.05നും കായംകുളത്ത് 7.18നും ആണ് ട്രെയിൻ എത്തുന്നത്. എന്നാൽ കായംകുളം മുതൽ ഷൊർണൂർ വരെ നിലവിലുള്ള സമയക്രമത്തിൽ തന്നെയാകും വേണാട് സർവീസ് നടത്തുക.
തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസിന്‍റെ കൊല്ലം മുതൽ എറണാകുളം നോർത്ത് വരെയുള്ള സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഏപ്രിൽ 27 മുതൽ കൊല്ലത്ത് നിന്ന് പാലരുവി എക്സ്പ്രസ് 10 മിനിട്ട് നേരത്തെ പുലർച്ചെ 4.50ന് പുറപ്പെടും. ട്രെയിൻ കരുനാഗപ്പള്ളിയിൽ 5.25നും കായംകുളത്ത് 5.43നും എത്തും. ചെങ്ങന്നൂരിൽ 6.08നും കോട്ടയത്ത് 6.55നും ആയിരിക്കും പാലരുവി എക്സ്പ്രസ് എത്തുക. എറണാകുളം നോർത്തിൽ 8.45ന് പകരം അഞ്ച് മിനിട്ട് നേരത്തെ 8.40ന് എത്തിച്ചേരുകയും 8.45ന് യാത്ര തിരിക്കുകയും ചെയ്യും. എറണാകുളം നോർത്തിന് ശേഷമുള്ള സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്നും റെയിൽവേ അറിയിച്ചു.
അതിനിടെ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധവുമായി ജനപ്രതിനിധികള്‍ രംഗത്തെത്തി.വന്ദേഭാരത്, രാജധാനി ഉൾപ്പെടെ 13 ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ലെന്ന് കെ.ടി ജലീല്‍ പറഞ്ഞു. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണമെന്ന് കെ.ടി ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചു.
കേന്ദ്രസർക്കാറിന്‍റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണമെന്ന് കെ.ടി ജലീല്‍ ആവശ്യപ്പെട്ടു. മലപ്പുറം, പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും കെ.ടി ജലീല്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് സ്റ്റോപ്പില്ലാത്ത 13 ട്രെയിനുകളുടെ പട്ടികയും കെ.ടി ജലീല്‍ പങ്കുവെച്ചു.
നേരത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെ വിമര്‍ശിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ലഭിച്ചപ്പോള്‍ ചെങ്ങന്നൂരും തിരൂരും പട്ടികക്ക് പുറത്തായി. തിരുവനന്തപുരത്തു നിന്ന് കാസർകോടെത്താൻ ട്രെയിന്‍ 8 മണിക്കൂർ 5 മിനിട്ട് എടുക്കും. വ്യാഴാഴ്ച സർവീസില്ല.