KeralaNews

എതിർ ശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വര, തെളിയുന്നത് ഭീരുത്വം; കെജ്രിവാളിന്റെ അറസ്റ്റിൽ പിണറായി

തിരുവനന്തപുരം: മദ്യനയ അഴിമതി കേസില്‍ ഡൽഹ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയിൽ പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും പിണറായി വാർത്താ കുറിപ്പിൽ പറഞ്ഞു.

അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയിലെ തെരുവുകള്‍ യുദ്ധസമാനമാവുകയാണ്. ആം ആദ്മി പ്രവര്‍ത്തകരുടെ പ്രതിഷേധം അതിവേഗമാണ് ഡൽഹിയിൽ വ്യാപിക്കുന്നത്. ഡൽഹിയ്ക്ക് പുറത്തേക്കും, രാജ്യവ്യാപകമായി തന്നെയും പ്രതിഷേധം വ്യാപിക്കാൻ ആണ് പാര്‍ട്ടിയുടെ നീക്കം.

ആം ആദ്മി പാര്‍ട്ടിക്ക് പുറമെ ഇന്ത്യ മുന്നണിയില്‍ ഉള്‍പ്പെടുന്ന കോൺഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ കൂടി പ്രതിഷേധത്തില്‍ അണിനിരക്കുന്നതോടെ കെജ്രിവാളിന്‍റെ അറസ്റ്റ് രാഷ്ട്രീയമായി വൻ കോളിളക്കമാണ് സൃഷ്ടിക്കുക. ഇത്തരത്തില്‍ വമ്പൻ പ്രതിഷേധം രാജ്യവ്യാപകമായി നടത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്.

അരവിന്ദ്‌ കെജ്രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎമ്മും വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷവും കേന്ദ്ര ഏജൻസികൾ പരസ്യമായി ബിജെപിയുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങളെ ജനങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നത് ഉറപ്പാണെന്നും സിപിഎം ദേശീയ നേതൃത്വം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker