KeralaNews

ഫോണ്‍ സ്വിച്ച്ഡ് ഓഫ്,ഹരിദാസന്‍ ഒളിവില്‍;വ്യാജനിയമന വിവാദത്തില്‍ ഗൂഡാലോചന?

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് ആരോപണക്കേസിൽ ഒരാൾ അറസ്റ്റിലാകുമ്പോൾ അന്വേഷണത്തിൽ ട്വിസ്റ്റുകൾക്ക് സാധ്യത. മന്ത്രിയുടെ ഓഫീസിന്റെ പേരുപറഞ്ഞ് തട്ടിപ്പുനടത്തിയെന്നു കരുതുന്ന അഖിൽ സജീവിന്റെ സുഹൃത്ത് കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഡ്വ. റയിസിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്തത്. അതിനിടെ കേസിലെ പരാതിക്കാരൻ ഹരിദാസ് ഒളിവിൽ പോയി. ഇതോടെ കേസിൽ ദുരൂഹത കൂടുകയാണ്.

ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കിയ റയിസിനു ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്തും മുൻ എഐഎസ്എഫ് മലപ്പുറം ജില്ലാ നേതാവുമായ കെ.പി.ബാസിതിനെ ചോദ്യംചെയ്ത് വിട്ടയച്ചു. ഹരിദാസനോടും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് പറഞ്ഞു.

ആയുഷ് മിഷൻ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന് റോഡിൽവച്ച് കൈക്കൂലി നൽകിയെന്ന ഹരിദാസന്റെ വാദവും പൊളിഞ്ഞുവെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ കാട്ടി ചോദ്യം ചെയ്തിരുന്നു. നേരത്തെ പൊലീസിന് നൽകിയ മൊഴി മാറ്റിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സിസിടിവി പരിശോധനയിലാണ് ഹരിദാസൻ തുടർച്ചയായി പറഞ്ഞ കള്ളങ്ങളെല്ലാം പൊളിഞ്ഞത്.

സെക്രട്ടറിയറ്റിന് സമീപം ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ഉടൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇത് തിരുത്തി. അഖിൽ സജീവ് പറഞ്ഞതനുസരിച്ച് സെക്രട്ടറിയേറ്റിന് സമീപത്തുനിന്ന് പ്രസ് ക്ലബ്ബ് ഭാഗത്തേക്ക് നടന്നെന്നും അഖിൽ മാത്യുവെന്ന് പരിയചപ്പെടുത്തിയ വ്യക്തിക്ക് പണം നൽകിയെന്നുമാണ് ഹരിദാസൻ നൽകിയ മൊഴി.

ഇതുപ്രകാരമാണ് കന്റോൺമെന്റ് പൊലീസ് ഈ ഭാഗത്തെ സിസിടിവികൾ പരിശോധിച്ചത്. പ്രസ്‌ക്ലബ് ഭാഗത്തേക്ക് നടക്കുന്ന ഹരിദാസൻ പാതി വഴിയിൽ തിരികെ നടക്കുന്നതും കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് സമീപമെത്തി മടങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ വഴിയിലെവിടെയും ഹരിദാസൻ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തുന്നതോ പണം കൈമാറുന്നതോ ദൃശ്യങ്ങളിലില്ല.

അഖിൽ സജീവിനും ലെനിൻ രാജിനുമായി 75000 രൂപ നൽകിയതല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകൾ കേസുമായി ബന്ധപ്പെട്ട് ഹരിദാസൻ നടത്തിയിട്ടില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മന്ത്രിയുടെ ഓഫീസിന് പണം നൽകിയെന്ന് ഹരിദാസൻ മൊഴി നൽകിയത് എന്തിനെന്ന ചോദ്യം അവശേഷിക്കുകയാണ്. ഈ ദിശയിലും പൊലീസ് അന്വേഷണമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹരിദാസൻ ഒളിവിൽ പോയതെന്നാണ് സൂചന.

ബാസിതിനെയും റയിസിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്തത്. ആയുഷ് മിഷന്റെയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും പേരുള്ള വ്യാജ ഇ-മെയിലുകൾ നിർമ്മിച്ചത് റയിസാണെന്നാണ് പൊലീസ് പറയുന്നത്. ഇതിനുപയോഗിച്ച ഫോണും പൊലീസ് പിടിച്ചെടുത്തു. ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ കത്തുണ്ടാക്കിയതും റയിസാണ്. അഖിൽ സജീവുമായി ഇയാൾക്കു സാമ്പത്തിക ഇടപാടുകളുണ്ടെന്നും പൊലീസ് കണ്ടെത്തി. അഖിൽ സജീവന്റെ ഫോൺ റയിസാണ് ഉപയോഗിച്ചിരുന്നത്.

നിയമന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട അഖിൽ സജീവന്റെയും ലെനിന്റെയും അടുത്ത സുഹൃത്താണ് റയിസ്. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനകളിലും ഇയാൾക്കു പങ്കുണ്ടെന്നും കണ്ടെത്തി. ബാസിതിന് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകേണ്ടി വരും. പരാതിക്കാരൻ ഹരിദാസനോടു ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും അയാൾ ഹാജരായില്ല. ഇയാളെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ ഒളിവിൽ പോയെന്നും പൊലീസ് സംശയിക്കുന്നു. ഹരിദാസൻ ഒളിവിൽ പോയത് അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണെന്നും സൂചനയുണ്ട്.

മലപ്പുറം സ്വദേശി ഹരിദാസന്റെ മരുമകൾക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്‌സനൽ സ്റ്റാഫ് അംഗം അഖിൽ പി.മാത്യു കോഴ വാങ്ങിയെന്ന ആരോപണം വിവാദമായിരുന്നു. 2 ദിവസം കഴിഞ്ഞ് നിയമന ഉത്തരവിന്റെ ഇ മെയിൽ വന്നെന്നും പരാതിയിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker