InternationalNews

ചൈനയുടെ ആണവ അന്തർവാഹിനിയിൽ അപകടം, 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ചൈനയുടെ ആണവ അന്തര്‍വാഹിനിയിലുണ്ടായ അപകടത്തില്‍ 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏതാനും മാസം മുമ്പ് നടന്ന അപകടത്തെക്കുറിച്ച് യു.കെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വിദേശ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്തര്‍വാഹിനിയുടെ ഓക്സിജന്‍ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയുടെ പിഎല്‍എ നേവി സബ്‍മറൈന്‍ 093-417 എന്ന അന്തര്‍വാഹിനിയിലാണ് സംഭവം. ക്യാപ്റ്റനായ കേണല്‍ സു യോങ് പെങും 21 ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നും ഡെയിലി മെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഇന്റലിജന്‍സ് വിവരങ്ങള്‍ പ്രകാരം ഓഗസ്റ്റ് 21നാണ് അപകടമുണ്ടായത്.

22 ഓഫീസര്‍മാരും ഏഴ് ഓഫീസര്‍ കേഡറ്റുകളും ഒന്‍പത് പെറ്റി ഓഫീസര്‍മാരും 17 നാവികരും മരിച്ചുവെന്നാണ് കണക്ക്. ഓക്സിജന്‍ സംവിധാനത്തിന്റെ തകരാര്‍ കാരണം ശ്വസിക്കാനാവശ്യമായ ഓക്സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

വിദേശ അന്തര്‍വാഹിനികളെ മനസിലാക്കാനായി ചൈനീസ് സൈന്യം ഉപയോഗിച്ചിരുന്ന നങ്കൂരത്തിന് സമാനമായ സംവിധാനവുമായി ആഴക്കടലില്‍ വെച്ച് കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് അന്തര്‍വാഹിനിയുടെ ഓക്സിജന്‍ സംവിധാനത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ ആറ് മണിക്കൂറോളം വേണ്ടിയിരുന്നുവെന്നും യുകെയുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് മറ്റ് സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ല. അതേസമയം റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച ചൈന, പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വാസ്തവ വിരുദ്ധമാണെന്ന് അവകാശപ്പെട്ടു. 

ആണവ പോര്‍മുനകള്‍ സജ്ജമാക്കിയിട്ടുള്ള 093 വിഭാഗത്തില്‍പെടുന്ന ചൈനയുടെ അന്തര്‍വാഹിനികള്‍ക്ക് 351 അടി നീളമാണുള്ളത്. കഴിഞ്ഞ 15 വര്‍ഷമായി ചൈന ഇത്തരം അന്തര്‍വാഹികള്‍ ഉപയോഗിക്കുന്നുണ്ട്. വളരെ കുറച്ചുമാത്രം ശബ്ദം പുറപ്പെടുവിക്കുന്ന ഇവ ചൈനയുടെ യുദ്ധസന്നാഹങ്ങളിലെ ഒരു പ്രധാന ഇനമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker