അരി കിലോയ്ക്ക് 448 രൂപ! പാൽ ലിറ്ററിന് 263! ശ്രീലങ്കയിൽ കലാപവുമായി ജനം തെരുവിൽ
കൊളംബോ: ശ്രീലങ്കയിൽ (Srilanka Economic Crisis) വിദേശനാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്‍റിനെതിരെ കലാപവുമായി തെരുവിൽ. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിൽ അരി കിലോയ്ക്ക് 448 ലങ്കൻ രൂപ(128 ഇന്ത്യൻ രൂപ) യാണ് വില. ഒരു ലിറ്റർ പാൽ വാങ്ങാൻ 263 (75 ഇന്ത്യൻ രൂപ) ലങ്കൻ രൂപയാവും.
പെട്രോളിനും ഡീസലിനും നാൽപ്പത് ശതമാനം വില കൂടി. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കണം ഇപ്പോൾ പെട്രോളും ഡീസലും കിട്ടാൻ. അതിൽ തന്നെ ലിറ്ററിന് 283 ശ്രീലങ്കൻ രൂപയാണ് പെട്രോളിന്. ഡീസൽ ലിറ്ററിന് 176 ശ്രീലങ്കൻ രൂപ. രാജ്യത്തെ ഗതാഗതസംവിധാനം തന്നെ താറുമാറായ അവസ്ഥയാണ്. വൈദ്യുതിനിലയങ്ങൾ പ്രവർത്തനമൂലധനമില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ് സർക്കാർ. ഇതോടെ ദിവസം ഏഴരമണിക്കൂർ പവർകട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പതിറ്റാണ്ടുകൾക്കിപ്പുറം സാമ്പത്തികപ്രതിസന്ധിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കൻ സാമ്പത്തികമേഖല. വിദേശനാണയം തീർന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ നിവൃത്തിയില്ലാതെയായി. ഇപ്പോൾ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഐഎംഎഫിൽ നിന്ന് വായ്പ സംഘടിപ്പിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും. ഒരു ബില്യൺ ഡോളർ കടമായി ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. ധനമന്ത്രി ബേസിൽ രാജപക്സ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. ഈ വർഷം ഇത് വരെ 140 കോടി ഡോളർ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയത്.
കൊളംബോയിൽ രാജപക്സയ്ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാജപക്സ ഉടനടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പേരാണ് തെരുവിൽ കലാപമഴിച്ചുവിട്ട് അണിനിരന്നത്. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ അണിനിരന്നത്. സർക്കാരിനെ താഴെ വീഴ്ത്താനുള്ള ആഹ്വാനമായി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്. ”രണ്ട് വർഷമായി നിങ്ങൾ ഈ ദുരിതമനുഭവിക്കുന്നു. ഇനിയും സഹിക്കാനാകുമോ?”, എന്ന ബാനറുകളും ഫ്ലക്സുകളുമായാണ് ജനം തെരുവിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ കൃത്യമായ ഒരു അനുപാതം നിലനിന്നിരുന്നില്ല. കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. കയറ്റുമതി വഴി വിദേശനാണയം കിട്ടുന്നത് കുറയുകയും ചെയ്തു. നിലവിൽ ശ്രീലങ്കയിലെ വിദേശനാണയശേഖരം ഏതാണ്ട് തീർന്ന അവസ്ഥയിലാണ്. മാത്രമല്ല, ഏഴ് ബില്യൻ ഡോളറോളും വിദേശകടവുമുണ്ട്.
ഈ പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സർക്കാർ നിരോധിച്ചിരിക്കുകയാണ്. കാറുകൾ, ഫ്ലോർ ടൈലുകൾ അടക്കമുള്ള മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി നേരത്തേ തന്നെ നിരോധിച്ചിരുന്നു. പുറത്തേക്ക് വിദേശനാണ്യമായി രാജ്യത്തെ പണം പോകാതിരിക്കാണ് ആദ്യം ആഢംബരവസ്തുക്കളുടെയും ഏറ്റവുമൊടുവിൽ ഗതികെട്ട് അവശ്യവസ്തുക്കളുടെയും ഇറക്കുമതി നിരോധിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചത്. ഇതോടെ, കടുത്ത ഭക്ഷ്യക്ഷാമമാണ് രാജ്യത്തുണ്ടായത്. അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി.