KeralaNews

മോശമായി പെരുമാറിയാല്‍ സ്ഥാനക്കയറ്റം മുടങ്ങും; സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തന മികവ് കണക്കാക്കാന്‍ ഇനി മാര്‍ക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വിലയിരുത്തുന്ന രഹസ്യ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന രീതി മാറുന്നു. ഗ്രേഡ് അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്ന നിലവിലെ രീതി സംഖ്യാടിസ്ഥാനത്തിലേക്കു മാറ്റാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ശുപാര്‍ശ നല്‍കി. കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിനു മുന്നോടിയാണ് നടപടി.

നിലവിലെ ഗ്രേഡിങ് സംവിധാനത്തില്‍ അപാകമുള്ളതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്‌പെഷലൈസ്ഡ് കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫീസര്‍മാരുടെയും പ്രവര്‍ത്തന മികവ് ഇത്തരത്തില്‍ വിലയിരുത്താനാണ് നിര്‍ദേശം.ഉദ്യോഗസ്ഥരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാക്കണം എന്നതടക്കമുള്ള ശുപാര്‍ശകളാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ നല്‍കിയിരുന്നത്. ജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ മാനദണ്ഡങ്ങള്‍ മാറും.

ഓഫീസിലെത്തുന്നവരോട് മോശമായി പെരുമാറിയാല്‍ സ്ഥാനക്കയറ്റം മുടങ്ങും. കാര്യക്ഷമത ഇല്ലെങ്കിലും ഫയല്‍ അകാരണമായി താമസിപ്പിച്ചാലും ജോലി സമയത്ത് സീറ്റില്‍ ഇല്ലാതിരുന്നാലും ഫണ്ട് വൈകിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങളുണ്ടായാലും സ്ഥാനക്കയറ്റത്തെ ബാധിക്കും. മേലുദ്യോഗസ്ഥരായിരിക്കും ഒരാളുടെ കാര്യങ്ങള്‍ പരിശോധിക്കുക. മൂന്ന് വര്‍ഷത്തെ പ്രകടനം വിലയിരുത്തും. ഉദ്യോഗസ്ഥര്‍ക്ക് എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഗ്രേഡ് നല്‍കുകയാണ് ഇതുവരെ ചെയ്തിരുന്നത്.

കാര്യക്ഷമത വിലയിരുത്തുന്നതിലുള്ള വ്യക്തതയില്ലായ്മ, മേലുദ്യോഗസ്ഥരുടെ പക്ഷപാതം, ജോലി മെച്ചപ്പെടുത്താനുള്ള നടപടികളുടെ അഭാവം, ഉയര്‍ന്ന ഗ്രേഡ് നല്‍കുന്നതിന് വ്യക്തമായ കാരണം നല്‍കാതിരിക്കുക തുടങ്ങിയ പോരായ്മകള്‍ ഇതിനുണ്ടായിരുന്നു. അതിനാലാണ് നിലവിലുള്ള രീതി മാറ്റുന്നത്.ഒന്ന് മുതല്‍ പത്ത് വരെയുള്ള നമ്പര്‍ ഗ്രേഡുകളാണ് ഇനി നല്‍കുക. വളരെ മോശം ഇടപെടലുകളാണെങ്കില്‍ ഒന്ന്, രണ്ട് നമ്പര്‍ ഗ്രേഡിലായിരിക്കും.

മൂന്ന്, നാല് നമ്പര്‍ ഗ്രേഡുകള്‍ ശരാശരിക്ക് താഴെ. അഞ്ചാണെങ്കില്‍ ശരാശരി. ആറ്, എഴ്, എട്ട് നമ്പറുകള്‍ മികച്ചതും ഒന്‍പത്, 10 നമ്പറുകള്‍ ഏറ്റവും മികച്ചത് എന്ന രീതിയിലാണ് ഇനി മാര്‍ക്കുകള്‍ നല്‍കുക.സ്‌കോര്‍ അഞ്ചോ അതില്‍ കുറവോ ആണെങ്കില്‍ അത്തരം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയായിരിക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള കലണ്ടര്‍ വര്‍ഷം. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

റിപ്പോര്‍ട്ടിന് രണ്ടു ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്ത് ജീവനക്കാരുടെ വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അവധികള്‍, പങ്കെടുത്ത പരിശീലന പരിപാടികള്‍, പുരസ്‌കാരങ്ങള്‍. രണ്ടാം ഭാഗത്തില്‍ നേതൃഗുണം, പ്രശ്‌നപരിഹാരം, തീരുമാനമെടുക്കാനുള്ള കഴിവ്, സമ്മര്‍ദം അതിജീവിക്കല്‍ തുടങ്ങി 20 ഇനങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker