പി.കെ കുഞ്ഞനന്ദന് നാടിന്റെ യാത്രാമൊഴി; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍
പാനൂര്‍: ഇന്നലെ അന്തരിച്ച സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവും ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുമായ പി.കെ കുഞ്ഞനന്തന് നാട് ഇന്ന് യാത്രമൊഴിയേകും. രാവിലെ എട്ടിന് പാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ആരംഭിച്ചു. കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം നടക്കുന്ന പൊതുദര്‍ശനത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം എത്തി ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങുകയാണ്. 12ന് പാറാട് ടൗണിലും പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നിന് പാറാട് കണ്ണങ്കോട് പടിഞ്ഞാറെ കുഞ്ഞിക്കാട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ടിപി വധക്കേസില്‍ 13ാം പ്രതിയായിരുന്നു. 8 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. 40 വര്‍ഷമായി സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമാണ്. 15 വര്‍ഷം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമാണ്. 15 വര്‍ഷം കുന്നോത്തുപറമ്പ്‌ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയായിരുന്നു കുഞ്ഞനന്തന്‍.
പാര്‍ട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിച്ച സഖാവാണ് കുഞ്ഞനന്തനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ ആളായിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ കുറിച്ചു.