NationalNews

ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം;പിന്നില്‍ ഹണിട്രാപ്പ്‌, പശ്ചിമബംഗാൾ സ്വദേശി കസ്റ്റ‍‍ിയിൽ

ന്യൂഡൽഹി: കൊൽക്കത്തയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി. അൻവാറുൾ അസിം അനാറിനെ ആഡംബര ഫ്ലാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെയെന്ന് വിവരം. എംപിയെ തന്ത്രത്തിൽ ഫ്ലാറ്റിലെത്തിച്ച് വാടകകൊലയാളികൾ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

കൃത്യത്തിൽ പങ്കുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബം​ഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പശ്ചിമബം​ഗാളിലെ ​ഗ്രാമത്തിൽ നിന്നാണ് ഇയാളെ കസ്റ്റ‍ഡിയിലെടുത്തത്. മുഖ്യപ്രതികളിലൊരാളുമായി ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

അൻവാറുൾ അസിം അനാറിന്റെ യു.എസ്. പൗരനായ സുഹൃത്ത് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്ക് അഞ്ച് കോടി രൂപ നൽകിയതായി മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. നിലവിൽ യു.എസിലുള്ള ഇയാൾക്ക് കൊൽകത്തയിൽ ഒരു ഫ്ലാറ്റ് ഉള്ളതായും അധികൃതർ സൂചിപ്പിച്ചു.

എംപിയെ കൊല്ലപ്പെട്ട നലയിൽ കണ്ടെത്തിയ ന്യൂ ടൗണിലെ അപ്പാർട്ട്മെൻ്റ് എക്സൈസ് വകുപ്പിലെ ജീവനക്കാരന്റെ ഉടമസ്ഥയിലുള്ളതാണെന്നും സുഹൃത്തിന് പാട്ടത്തിന് നൽകിയതാണെന്നും പോലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ സിഐഡി പരിശോധിച്ചുവരികയാണ്. ഒരു പുരുഷനും സ്ത്രീയ്ക്കുമൊപ്പം അനാർ ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുള്ളതായി അധികൃതർ വ്യക്തമാക്കിയിരുന്നു. എംപിക്കൊപ്പം ഫ്ലാറ്റിൽ പ്രവേശിച്ചവർ പിന്നീട് പുറത്തുവരുന്നതും വീണ്ടും തിരികെയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ എംപിയെ പിന്നീട് ദൃശ്യങ്ങളിൽ കണ്ടിട്ടില്ല. പിന്നീട് റൂമിന് വെളിയിലെത്തിയ ഇരുവരുടെയും കൈകളിൽ സ്യൂട്ട്കേസുകൾ ഉണ്ടായിരുന്നതായി ഉദ്യോ​ഗസ്ഥർ പറഞ്ഞതായി ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂ ടൗണിലെ ഫ്ലാറ്റിനുള്ളിൽ രക്തക്കറ കണ്ടെത്തിയിരുന്നു. നിരവധി പ്ലാസ്റ്റിക് ബാഗുകളും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. എംപിയെ ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ പ്ലാസ്റ്റിക്ക് കവറുകളിലാക്കി വിവിധ പ്രദേശങ്ങളിൽ വലിച്ചെറിഞ്ഞതായാണ് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നതെന്നാണ് ഉദ്യോ​ഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. ശരീരഭാ​ഗങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്.

ഡൽഹിയിലേക്ക് പോകുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കേണ്ടെന്നും എംപിയുടെ ഫോണിൽ നിന്നും മെസേജുകൾ പരിചിതർക്ക് ലഭിച്ചിരുന്നു. ഇത് കുടുംബാം​ഗങ്ങളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിക്കാനായിരിക്കാമെന്നും കൊലപാതകത്തിന് ശേഷമാകും മെസേജുകൾ അയച്ചതെന്നുമാണ് വിലയിരുത്തൽ.

മേയ് 12-നാണ് അസിം അനാർ എം.പി. കൊൽക്കത്തയിലെത്തിയത്. ബരാനഗറിലുള്ള ഗോപാൽ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ 13-ന് വൈദ്യപരിശോധനയ്ക്കായിപ്പോയ എം.പി.യെ പിന്നീട് ബിശ്വാസിനോ ബംഗ്ലാദേശിലുള്ള കുടുംബത്തിനോ ബന്ധപ്പെടാനായില്ല.

തുടർന്ന് ബിശ്വാസ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ന്യൂടൗണിലുള്ള ഫ്ളാറ്റിൽ വച്ച് അദ്ദേഹത്തെ ആരോ കൊലപ്പെടുത്തിയതായി വ്യക്തമാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button