26.9 C
Kottayam
Monday, May 6, 2024

മരംമുറി അട്ടിമറിക്ക് കൂട്ടുനിന്നത് 24 ന്യൂസിലെ ദീപക്ക് ധർമ്മടം, ‘ധർമ്മടം’ ബന്ധം തെളിയിക്കുന്ന ഫോൺരേഖ പുറത്ത്

Must read

തിരുവനന്തപുരം:മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാനും, മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമായുള്ള ഫോൺ രേഖകൾ പുറത്ത്.കേസിലെ പ്രതികളായ ആന്‍റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ ടി സാജനും തമ്മിൽ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകൾ. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണ വിളിച്ചു. വനംവകുപ്പ് APCCF രാജേഷ് രവീന്ദ്രന്‍റെ അന്വേഷണ റിപ്പോ‍ർട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ സമീറിനെ കള്ളക്കേസിൽ കടുക്കാൻ സാജനും ആൻ്റോ അഗസ്റ്റിനും 24 ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും ചേ‍ർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രൻ്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഗൂഡാലോചന അടിവരയിടുന്നതാണ് ഫോൺസംഭാഷണത്തിൻ്റെ വിവരങ്ങൾ.

മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയിൽ കുടുക്കുകയായിരുന്നു. സമീർ ചുമതലയേൽക്കും മുമ്പുള്ള മരംമുറിയിലാണ് പ്രതികളുമായി ചേർന്ന് സാജൻ സമീറിനെതിരെ റിപ്പോ‍ർട്ട് നൽകിയത്. റിപ്പോർട്ട് സമർപ്പിച്ചത് ഫെബ്രുവരി 15ന്. 15ന് സാജനും ആൻ്റോ അഗസ്റ്റിനും തമ്മിൽ 12 തവണ ഒരു മണിക്കൂറിലേറെ സംസാരിച്ചു. ഫെബ്രുവരി 14 നും മെയ് 26 നും ഇടയിലെ ആകെ സംസാരം 86 തവണ. സാജൻ്റെ ഔദ്യോഗിക നമ്പറിലും പേഴസ്ണൽ നമ്പറിലുമായിട്ടായിരുന്നു ആൻ്റോയുമായുള്ള സംസാരം.

മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ഫെബ്രുവരി 8ന് രജിസ്റ്റർ ചെയ്ത മരംമുറിക്കേസിലെ പ്രതികളാണ് ഇവരെന്ന ബോധ്യത്തോടെയാണ് സംഭാഷണമെന്നാണ് രാജേഷ് രവീന്ദ്രൻ്റെ റിപ്പോ‍ർട്ടിൽ പറയുന്നത്. ദീപക് ധ‍ർമ്മടവും പ്രതികളായ ആൻ്റോ സഹോദരങ്ങളും തമ്മിൽ ഫെബ്രുവരി 1 മുതൽ മെയ് 31 വരെ 107 തവണയാണ് സംസാരിച്ചത്. മണിക്കുന്ന് മലയിലെ മരം മുറിയിൽ കേസെടുക്കാൻ ദീപക് ധർമ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒയെ വിളിച്ചിരുന്നു. ഇതേ ദിവസം ആൻ്റോ അഗസ്റ്റിനും ദീപകും തമ്മിൽ സംസാരിച്ചത് അഞ്ച് തവണ.

ആൻ്റോ നൽകിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു സാജൻ മണിക്കുന്ന് മലയിലെത്തിയത്. മരം മുറി അട്ടിമറിക്കാനുള്ള ഗൂഡാലോചന തെളിയിക്കുന്ന റിപ്പോർട്ടുണ്ടായിട്ടും സാജനെതിരെ സ്വീകരിച്ചത് സ്വാഭാവിക സ്ഥലംമാറ്റം മാത്രം. മരംമുറി അട്ടിമറിയിൽ പ്രതിപക്ഷനേതാവ് ആരോപിച്ച ധർമ്മടം ബന്ധം സർക്കാറും സിപിഎമ്മും തള്ളുമ്പോഴാണ് ഫോൺരേഖ പുറത്താകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week