EntertainmentKeralaNews

അമ്മയില്‍ നിന്നും ഇടവേള ബാബു ഒഴിയുന്നു,മതിയാക്കാന്‍ മോഹന്‍ലാലും

കൊച്ചി: താരസംഘടനയായ അമ്മയുടെ തുടർച്ചയായ ചുമതലക്കാരൻ എന്ന അപൂർവ വിശേഷണത്തിൽനിന്ന് ‘ഇടവേളയെടുക്കാൻ’ ഒരുങ്ങി ഇടവേള ബാബു. കാൽനൂറ്റാണ്ടായി അമ്മയുടെ വിവിധ ഔദ്യോഗിക പദവികളിൽ തുടരുന്ന നിലവിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു ഇനി ഭാരവാഹിയാകാൻ ഇല്ലെന്ന നിലപാടിലാണ്.

ഇതുൾപ്പെടെ വൻ മാറ്റങ്ങൾക്കാകും അമ്മയുടെ ഇക്കൊല്ലത്തെ പൊതുയോഗം സാക്ഷ്യം വഹിക്കുക. 3 വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പു പൊതുയോഗമാണിത്. അമ്മയുടെ ചുമതലയിലേക്കു പുതിയ ആളുകൾ വരേണ്ടതുണ്ടെന്നും അതിനാലാണു താൻ ഒഴിയുന്നതെന്നും ബാബു പറയുന്നു.

പ്രസിഡന്റായ നടൻ മോഹൻലാലും ചുമതലയൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണു വിവരം. ജൂൺ 30നു കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിലാണു പൊതുയോഗം.

വോട്ടവകാശമുള്ള 506 അംഗങ്ങളാണു സംഘടനയിലുള്ളത്. ജൂൺ 3 മുതൽ നാമനിർദേശപ്പത്രിക സ്വീകരിക്കും. പോയ വർഷം തന്നെ സ്ഥാനമൊഴിയാൻ ഇടവേള ബാബു സന്നദ്ധത അറിയിച്ചെങ്കിലും നടൻ മമ്മൂട്ടിയുടെ സ്നേഹസമ്മർദത്തെത്തുടർന്നു തീരുമാനം മാറ്റുകയായിരുന്നു. 1994ൽ അമ്മ നിലവിൽ വന്ന ശേഷമുള്ള മൂന്നാമത്തെ ഭരണസമിതിയിലാണു ജോയിന്റ് സെക്രട്ടറിയായി ഇടവേള ആദ്യമെത്തിയത്. പിന്നീട് ഇന്നോളം വിവിധ പദവികളിൽ തുടര‍ുകയായിരുന്നു.

സംഘടനയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും ഇത്തവണത്തെ പൊതുയോഗം വേദിയാകും. ക്ഷേമപ്രവർത്തനങ്ങൾക്കും ഇൻഷുറൻസിനും പ്രവർത്തനച്ചെലവിനും ഉൾപ്പെടെ 3 കോടി രൂപയെങ്കിലും സംഘടന പ്രതിവർഷം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തികസ്ഥിതി മോശമായ 112 അംഗങ്ങൾക്കാണു നിലവിൽ കൈനീട്ടം നൽകുന്നത്.

പലപ്പോഴും ഈ തുക കണ്ടെത്താൻ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. താരനിശകൾ ഉൾപ്പെടെ നടത്തിയാണു പിടിച്ചുനിൽക്കുന്നത്. സാമ്പത്തിക വരുമാനം ഉയർത്താൻ സ്ഥിരം സംവിധാനം കൊണ്ടുവരുന്നതിനുള്ള നിർദേശങ്ങൾ ഇക്കുറിയുണ്ടാകുമെന്നാണു സൂചന. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button