KeralaNews

പിരിവ് ബിൽഡിങ് ഫണ്ടിനു വേണ്ടി,ബാർ കോഴ ആരോപണം തെറ്റ് ; അനിമോനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം ∙ മദ്യനയത്തിൽ ഇളവ് അനുവദിക്കാൻ സർക്കാരിനു കോഴ നൽകാൻ പിരിവെടുത്തെന്ന ആരോപണം തള്ളി കേരള ഹോട്ടൽസ് അസോസിയേഷൻ. സംഘടനാ നേതാവ് അനിമോൻ കോഴ നൽകാൻ നിർദേശിക്കുന്ന ശബ്ദസന്ദേശം ഗൂഢാലോചനയുടെ ഭാഗമാണെന്നും അംഗങ്ങളോട് പണമാവശ്യപ്പെട്ടത് ബിൽഡിങ് ഫണ്ടിനു വേണ്ടിയാണെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാർ വ്യക്തമാക്കി. സംഘടനയെ പിളർത്താൻ ശ്രമം നടത്തിയതിന് അനിമോനെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം സംഘടന തീരുമാനമെടുത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘650 അംഗങ്ങളാണ് ഞങ്ങളുടെ സംഘടനയിലുള്ളത്. സംഘടനയ്ക്കായി തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ എറണാകുളത്ത് ഒരു ഓഫിസ് ഉള്ളതുകൊണ്ട് തിരുവനന്തപുരത്ത് ഓഫിസ് വേണ്ട എന്ന് അഭിപ്രായമുള്ള ചിലർ സംഘടനയ്ക്കുള്ളിലുണ്ടായിരുന്നു. കെട്ടിടം വാങ്ങുന്നത് സംബന്ധിച്ച് രണ്ടു തവണ തീരുമാനമെടുത്തിട്ടും എതിർപ്പ് കാരണം നടപ്പാക്കാനായില്ല. മൂന്നാം തവണ ശക്തമായിത്തന്നെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചു. മേയ് 30നുള്ളിൽ മുഴുവൻ തുകയും നൽകണം.

‘‘5.60 കോടി രൂപയാണ് അമേരിക്കൻ മലയാളിയായ കെട്ടിട ഉടമസ്ഥനു നൽകേണ്ടത്. റജിസ്ട്രേഷൻ ചെലവുകൾക്കായി 60 ലക്ഷം രൂപയും വേണം. എന്നാൽ ഇതുവരെ 450 അംഗങ്ങളിൽനിന്നായി നാലരക്കോടിയോളം രൂപ മാത്രമാണ് ശേഖരിക്കാൻ കഴിഞ്ഞത്. ഒരു ലക്ഷം രൂപ വീതമാണ് ഒരാളിൽനിന്ന് വാങ്ങിയത്. അക്കൗണ്ട് മുഖേനയാണ് ഇടപെടലുകളെല്ലാം. കെട്ടിടം വാങ്ങാനുള്ള ബാക്കി തുക മേയ് 30നുള്ളിൽ കണ്ടെത്തേണ്ടതുണ്ട്. അതിനായി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ രണ്ടര ലക്ഷം രൂപ വീതം സംസ്ഥാനസമിതിക്ക് വായ്പയായി തരണം എന്നാണ് ആവശ്യപ്പെട്ടത്.

‘‘എന്നാൽ വായ്പയാവശ്യപ്പെട്ടതിനോട് അനിമോൻ ഉൾപ്പെടെയുള്ള ചിലർ വീണ്ടും എതിർപ്പ് പ്രകടിപ്പിച്ചു. കെട്ടിടം വാങ്ങാൻ തീരുമാനിച്ചപ്പോൾ തന്നെ അനിമോൻ ഉൾപ്പെടെയുള്ള ഇടുക്കിയിലെയും കൊല്ലത്തെയും ചില നേതാക്കൾ ചേർന്ന് മറ്റൊരു സംഘടന രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇത് തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അനിമോന്റെ സാന്നിധ്യത്തിൽത്തന്നെ ഇതിനെ കമ്മിറ്റി വിമർശിക്കുകയും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. അപ്പോൾത്തന്നെ അനിമോൻ കമ്മിറ്റിയിൽ നിന്നിറങ്ങിപ്പോകുകയും ചെയ്തു.

‘‘ഡ്രൈഡേ ഒഴിവാക്കണമെന്നും സമയപരിധി കൂട്ടണമെന്നും സർക്കാരിനോട് നേരത്തെ തന്നെ സംഘടന ആവശ്യപ്പെടുന്നുണ്ട്. ഡ്രൈഡേ ഒഴിവാക്കിത്തന്നാൽ മാത്രമേ മുന്നോട്ടുപോകാനാകൂ. ബാർ ഹോട്ടലുകളുടെ കച്ചവടം 40 ശതമാനമാണ് കുറഞ്ഞത്. അതിനു പിന്നാലെയാണ് 5 ലക്ഷം രൂപ ഫീസിനത്തിൽ കൂട്ടിയത്. ഇതിലെ അമർഷം സർക്കാരിനെ അറിയിച്ചിട്ടുണ്ട്.’’ – സുനിൽ കുമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button