KeralaNews

സെക്രട്ടേറിയറ്റില്‍ ഇന്ന് ഹാജരായത് 176 ജീവനക്കാര്‍ മാത്രം; സര്‍ക്കാര്‍ ഉത്തരവ് തള്ളി ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റില്‍ 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്. പൊതുഭരണ വകുപ്പില്‍ 156, ഫിനാന്‍സ് 19, നിയമവകുപ്പില്‍ ഒന്ന് എന്നിങ്ങനെയാണ് ഹാജര്‍ നില. ആകെ 4828 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്.

പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെ 32 പേരാണ് ജോലിക്കെത്തിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും, സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതുമാണ് ഇന്നലത്തേക്കാള്‍ ഹാജര്‍ നില കൂടാന്‍ കാരണമായത്. ജീവനക്കാര്‍ ഓഫീസുകളില്‍ എത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം ജീവനക്കാരും സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പണിമുടക്കുകയാണ്.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാരുടെ ഹാജര്‍ നില വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് കളക്ടറേറ്റില്‍ 234 ജീവനക്കാരുള്ളിടത്ത് 12 പേരാണ് ജോലിക്ക് ഹാജരായത്. വയനാട് കളക്ടറേറ്റില്‍ 20 പേരും ജോലിക്കെത്തി. 160 ജീവനക്കാരാണ് കളക്ടറേറ്റിലുള്ളത്.

സര്‍ക്കാര്‍ ജീവനക്കാര്‍ പണി മുടക്കരുതെന്ന കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു മാത്രമല്ല, നാളെ ശമ്പള വര്‍ധനവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും പണിമുടക്കാനുള്ള അവകാശം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതോടെ ഇല്ലാതാകുകയാണ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഹൈക്കോടതി ബന്ദ് നിരോധിച്ചു. ഇപ്പോള്‍ ഹൈക്കോടതി സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണ്. ഒരു പ്രതികരണവും പാടില്ല. നാവടക്കൂ.. പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

ജനാധിപത്യ പ്രക്രിയയില്‍ ധാരാളം പണിമുടക്കുകളും സമരങ്ങളും കൊണ്ടു കൂടിയാണ് മാറ്റങ്ങളുണ്ടായത്. ബ്രിട്ടീഷുകാര്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കിയത് കോടതിയുടെ അംഗീകാരത്തോടെയായിരുന്നില്ല. കോടതി അതിനെതിരായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം നഷ്ടപ്പെടും എന്നു കണക്കാക്കിത്തന്നെ പണിമുടക്കില്‍ പങ്കെടുക്കണം. പണിമുടക്കു ദിവസം നമുക്ക് ശമ്പളം ഉണ്ടാകില്ലെന്ന ബോധത്തിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ മാറണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker