KeralaNews

സാനിറ്ററി പാഡുകളെ നാടുകടത്താന്‍ തീരുമാനിച്ച് ഒരു പഞ്ചായത്ത്; കാരണം ഇതാണ്

ഇരിട്ടി: വ്യത്യസ്ത വിലയിലും ബ്രാന്‍ഡുകളിലുമായി സിന്തറ്റിക്ക് സാനിറ്ററി നാപ്കിനുകള്‍ വിപണി കീഴടക്കുമ്പോള്‍ ഇവയോട് വിട പറയാനുള്ള ഒരുക്കത്തിലാണ് പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്ത്. ബദല്‍ ഉല്‍പ്പന്നങ്ങളായ ക്ലോത്ത് പാഡ്, മെന്‍സ്ട്രല്‍ കപ്പ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചാണ് പഞ്ചായത്ത് സിന്തറ്റിക്ക് നാപ്കിന്‍ മുക്തമാകാന്‍ ഒരുങ്ങുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ അജൈവ മാലിന്യശേഖരത്തില്‍ കൂടിയ തോതിലാണ് ഉപയോഗ ശേഷമുള്ള സാനിറ്ററി പാഡുകള്‍ എത്തുന്നത്. ഇവ പൂര്‍ണമായും ഒഴിവാക്കി മലിനീകരണം തടയാനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി ഭരണസമിതിയും ജനങ്ങളുംവിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തു വരികയാണ്.

ബോധവത്കരണമാണ് ആദ്യ ഘട്ട പ്രവര്‍ത്തനം. സിന്തറ്റിക് സാനിറ്ററി നാപ്കിനുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലേക്ക് നയിക്കും. കുടുംബശ്രീ, ഹരിത കര്‍മ്മസേന, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, മഹിളാ സംഘടനാ പ്രവര്‍ത്തകര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാര്‍ വീടുകളിലെത്തിയാണ് ബോധവത്കരിക്കുന്നത്.

14-50 വയസ്സിനിടയിലുള്ളവര്‍ക്കായി പരിസ്ഥിതി സൗഹൃദ ബദല്‍ ഉല്‍പ്പന്നങ്ങള്‍ വീടുകളില്‍ എത്തിക്കുന്നുണ്ട്. 150 വ്യത്യസ്ത മേഖലകളിലെ സ്ത്രീകളെ പങ്കെടുപ്പിച്ച് ഏകദിന പരിശീലന പരിപാടിയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. പഞ്ചായത്ത് തല റിസോഴ്സ് ഗ്രൂപ്പ് രൂപീകരിക്കുകയും വാര്‍ഡ് തലത്തില്‍ 11 അംഗ മോണിറ്ററിംഗ് സമിതിയെ നിയമിക്കുകയും ചെയ്തു.

നിലവിലെ ഉത്പന്നങ്ങളുടെ ഉപയോഗവും സംസ്‌കരണവും മനസിലാക്കാന്‍ പഞ്ചായത്ത് തലത്തില്‍ ഓണ്‍ലൈന്‍ സര്‍വേ നടക്കുന്നുണ്ട്. ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ വായനശാലകള്‍, ക്ലബുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകള്‍ നടത്തും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാലു ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കി വെച്ചിട്ടുള്ളത്.പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ക്ലോത്ത് പാഡുകള്‍ വ്യവസായികമായി നിര്‍മ്മിക്കാനുള്ള പദ്ധതിയും പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. പടിയൂര്‍ കല്ല്യാട് വനിത ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്ലോത്ത് പാഡുകള്‍ നിര്‍മ്മിക്കാനാണ് ആലോചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker