നഴ്‌സിനെ കാമുകന്‍ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ കാമുകനും മരിച്ചു
വിജയവാഡ : വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ പേരില്‍ നഴ്‌സിനെ മുന്‍ കാമുകന്‍ തീ കൊളുത്തി കൊലപ്പെടുത്തി. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ സാരമായി പരിക്കേറ്റ യുവാവും മരണത്തിന് കീഴടങ്ങി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ഹനുമാന്‍ പേട്ടിലാണ് സംഭവം.
തിങ്കളാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. വിജയവാഡ കൊറോണ ആശുപത്രിയിലെ 24 കാരിയായ നഴ്‌സ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാലു വര്‍ഷമായി യുവതിയും കാമുകനും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വിവാഹം വേണ്ടെന്നും ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും യുവതി യുവാവിനെ അറിയിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ യുവതിയുടെ പിറകെ നടന്ന ശല്യം ചെയ്യാൻ തുടങ്ങി. യുവതിയുടെ താമസസ്ഥലത്തെത്തി ഇയാൾ ബഹളം വച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് ഇയാളെ വിളിച്ച് താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ ഇയാള്‍ പിന്തുടര്‍ന്നു. പിന്നീടുണ്ടായ വഴക്കിനെ തുടര്‍ന്ന് കുപ്പിയില്‍ കരുതിവെച്ചിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ച് ഇയാള്‍ തീ കൊളുത്തുകയായിരുന്നു. തീകൊളുത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച ഇയാളെ യുവതി വിടാതെ മുറുകെ പിടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇരുവരെയും വേർപെടുത്തിയത്. 80 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. എന്നാൽ യുവതി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു.