KeralaNews

ഒപ്പം താമസിച്ചവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കി,പിന്നാലെ മരണത്തിന് കീഴടങ്ങി നൂഹ്‌

കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച തിരൂർ സ്വദേശി നൂഹ് മരണത്തിലേക്ക് പോയത് കൂടെ ഉള്ളവർക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയ ശേഷം. കൂടെ താമസിച്ചവരെ അപകട വിവരം അറിയിച്ച്‌ രക്ഷപെടാൻ നിർദ്ദേശം നൽകിയ ശേഷമാണ് നൂഹ് പുക നിറഞ്ഞിടത്ത് പെട്ടു പോയത്. നൂഹ് വിവരം അറിയിച്ചവർ രക്ഷപ്പെടുകയും നൂഹ് മരണത്തിന് കീഴടങ്ങുകയും ചെയ്തെന്നും ബന്ധു ഇസ്മായിൽ പറഞ്ഞു.

11 വർഷത്തിലധികമായി പ്രവാസിയായിരുന്ന കൂട്ടായി കോതപറമ്പ് സ്വദേശി നൂഹ് രണ്ടു മാസം മുൻപാണ് അവധി കഴിഞ്ഞ്‌ കുവൈത്തിലേക്ക് പോയത്. ഹൃദ്രോഗിയായിരുന്നിട്ടും കടബാധ്യതയെ തുർടർന്നായിരുന്നു നൂഹ് പ്രവാസം തുടർന്നത്. ഭാര്യയും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഇദ്ദേഹം.

അപകട സമയത്ത് കൂടെ താമസിച്ചിരുന്നവർക്ക് രക്ഷപ്പെടാന്‍ മുന്നറിയിപ്പ് നൽകിയ നൂഹിന് പക്ഷെ സ്വന്തം ജീവൻ രക്ഷിക്കാനായില്ല. കൂട്ടായി റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തിലാണ് നൂഹിനെ ഖബറടക്കിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

കുവൈറ്റ് തീ പിടിത്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ യാത്രാമൊഴി. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ ഉറ്റവരുടെയും ബന്ധുക്കളുടെയും കൂട്ട നിലവിളിയായിരുന്നു എങ്ങും. ചേതനയറ്റ ശരീരം വീടുകളിലെത്തിച്ചപ്പോള്‍ പ്രീയപ്പെട്ടവരില്‍ പലരും കുഴഞ്ഞുവീണു. മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തനെത്തിച്ചപ്പോള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ നാടൊന്നാകെ ഒഴുകിയെത്തി.

പത്തനംതിട്ട വാഴമുട്ടത്തെ വീട്ടുവളപ്പിലായിരുന്നു പി വി മുരളീധരന്റെ സംസ്‌ക്കാര ചടങ്ങ്. മകന്‍ ഗിരീഷ് ചിതയ്ക്ക് തീ കൊളുത്തി. നെടുമങ്ങാട് കുര്യാത്തി സ്വദേശി അരുണ്‍ ബാബുവിന്റെ മൃതദേഹം സംസ്‌കരിച്ചു. മകള്‍ അഷ്ടമി സഹോദരന്‍ അമല്‍ ബാബു എന്നിവര്‍ ചിതയ്ക്ക് തീകൊളുത്തി. കൊല്ലം വയ്യാങ്കര ഷമീറിന്റെ ഖബറടക്കം കഴിഞ്ഞു. പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ നായരുടെ സംസ്‌കാര ചടങ്ങ് നാളെ നടക്കും. രാവിലെ എട്ടുമണിക്ക് പന്തളം മുടിയൂര്‍കോണത്തെ വീട്ടില്‍ പൊതുദര്‍ശനം ആരംഭിക്കും.

ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് വീട്ട് വളപ്പിലാണ് സംസ്കാരം. തൃശ്ശൂര്‍ സ്വദേശി ബിനോയ് തോമസിന്റെ സംസ്‌കാരം കുന്നംകുളം സെമിത്തേരിയില്‍ പൂര്‍ത്തിയായി. കണ്ണൂര്‍ ധര്‍മടത്തെ വിശ്വാസ് കൃഷ്ണന്റെ മൃതദേഹം വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. തിരുവനന്തപുരം വര്‍ക്കലയിലെ ശ്രീജേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. സഹോദരിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ ആണ് മൃതദേഹം ആദ്യം എത്തിച്ചത്. തുടര്‍ന്ന് കുടുംബ സ്ഥലമായ വര്‍ക്കല ഇടവയില്‍ എത്തിച്ചു.

വീടിനായി നിര്‍മ്മിച്ച തറയ്ക്ക് മുകളില്‍ പൊതുദര്‍ശനത്തിനുവെച്ചു. ജൂണ്‍ ആറിനാണ് ശ്രീജേഷ് കുവൈറ്റിലേക്ക് പോയത്. മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി രാവിലെ അന്തിമോപചാരമര്‍പ്പിച്ചിരുന്നു. 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവരുടേതടക്കം 31 മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്.

തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. തമിഴ്‌നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്‌നാട് മന്ത്രി കെ എസ് മസ്താന്‍ ഏറ്റുവാങ്ങി.

കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ഓരോരുത്തര്‍ക്കായും ഒരുക്കിയിടത്ത് മൃതദേഹം എത്തിക്കുകയും മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ച് അന്ത്യോപചാരമര്‍പ്പിക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ക്കൊപ്പം എത്തിയ കേന്ദ്രസഹമന്ത്രിയും മുഖ്യമന്ത്രിക്കൊപ്പം അന്തിമോപചാരമര്‍പ്പിച്ചു. ശേഷം കേരള സര്‍ക്കാരിന്റെ ആദരമായി കേരള പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ മരിച്ച ഏഴ് തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ തമിഴ്‌നാട് മന്ത്രി കെ എസ് മസ്താന്‍ ഏറ്റുവാങ്ങി.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ കുടുംബങ്ങള്‍ കണ്ടുനില്‍ക്കാനാകാതെ വിതുമ്പി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി സെബിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ പിതാവ് പൊട്ടിക്കരഞ്ഞതോടെ ആശ്വസിപ്പിക്കാനാകാതെ ഒപ്പമെത്തിയവര്‍ നിസ്സാഹായരാവുന്നതായിരുന്നു വിമാനത്താവളത്തില്‍ നിന്നുള്ള വേദനിപ്പിക്കുന്ന കാഴ്ച. തീപിടിത്തത്തില്‍ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേര്‍ പൊള്ളേലേറ്റാണ് മരിച്ചത്. 45 മൃതദേഹവുമായാണ് വിമാനം കൊച്ചിയിലെത്തിയത്.

കുവൈറ്റ് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അഗ്‌നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. 49 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. വിവിധ ആശുപത്രികളിലായി 28 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker