കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു
കോഴിക്കോട്: നിപ പടർന്ന കോഴിക്കോട് മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് ഉണ്ടായിരുന്നതിന് തെളിവ്. സാമ്പിള്‍ പരിശോധനയില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇക്കാര്യം ഐ.സി.എം.ആര്‍ സ്ഥിരീകരിച്ചുവെന്നാണ് വയനാട്ടില്‍ വെച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞത്.
മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച 57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. പ്രത്യേക ഇനം വവ്വാലുകളില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന നിപ വൈറസിന്റെ വകഭേദം ഏത് രീതിയിലാണ് മനുഷ്യനിലേക്ക് എത്തുന്നത് എന്നത് സംബന്ധിച്ച് ഐസിഎംആറിനും ഉത്തരമില്ലാത്ത ചോദ്യമായിരുന്നു. നിലവില്‍ വൈറസ് ബാധ ഉണ്ടായ പ്രദേശത്തെ വവ്വാലുകളില്‍ ആന്റിബോഡി കണ്ടെത്തിയതോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇത് വലിയ സഹായമാവും.
പൊതുവില്‍ മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശീയന്‍ നിപ്പയുടെ വകഭേദമാണ് കേരളത്തില്‍ കണ്ടുവന്നത്. ഇപ്പോഴത്തെയുള്‍പ്പെടെ കേരളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ നിപ അണുബാധകളിലും, അതോടൊപ്പം വവ്വാലുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലും ഇതേ തരത്തില്‍പ്പെട്ട വൈറസിനെ തന്നെയാണ് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിട്ടുള്ളതെന്ന് നേരത്തെ തന്നെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. സാധാരണ രോഗബാധിതരാകുന്നവരില്‍ 70 ശതമാനം മുതല്‍ 90 ശതമാനം വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്.
ഇത്തവണ കോഴിക്കോട് ഉണ്ടായ രോഗാണുബാധയില്‍ ആറുപേരില്‍ രണ്ടു പേരാണ് മരണപ്പെട്ടത്. 33.3 ശതമാനമായികുന്നു മരണ നിരക്ക്. രോഗികളെ താരതമ്യേന നേരത്തെ കണ്ടെത്താനും ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാനും കഴിഞ്ഞത് മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാളും മിംസ് ആശുപത്രിയില്‍ രണ്ട് പേരും ഇഖ്റ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ഒമ്പതു വയസ്സുകാരന്‍ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. നിപ പോസിറ്റീവായി വെന്റിലേറ്ററിലായിരുന്ന രോഗി ജീവിതത്തിലേക്ക് തിരിച്ചു വന്നതും വളരെ വലിയ ആശ്വാസമായിരുന്നു.