ഗാസയിൽ തുടരുന്നത് 4 ഇന്ത്യക്കാർ; ഒഴിപ്പിക്കാൻ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നിലവില്‍ ഗാസയിലുള്ളത് നാല് ഇന്ത്യക്കാരെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരെ ഉടനെ ഒഴിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അനുകൂലമായ ആദ്യ അവസരത്തില്‍തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നാലുപേരില്‍ ഒരാള്‍ വെസ്റ്റ് ബാങ്കിലാണുള്ളത്. ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഗാസയിലുള്ള ഇന്ത്യക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ജീവന്‍നഷ്ടമായതായോ വിവരമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, ആഷ്‌കലോണില്‍ മലയാളിക്ക് പരിക്കേറ്റിരുന്നു.

ഗാസയിലെ അല്‍ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അത്യാഹിതം ഉണ്ടാവുന്നതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് വിമാനങ്ങളിലായി നിലവില്‍ 1,200 പേരെ ഇന്ത്യ ഇസ്രയേലില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 18 നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പെടെയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News