വെട്ടിമുറിച്ച് ഒന്നുമില്ലാതെയാക്കി,ഗസ്റ്റ് റോളിന് കൊടുത്ത പ്രാധാന്യം പോലും തനിക്ക് തന്നില്ല; അറ്റ്‌ലിയോട് കട്ടക്കലിപ്പില്‍ നയന്‍താര!
ചെന്നൈ:ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിവുഡ് കലക്ഷന്‍ സിനിമയായി മാറാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ ജവാന്‍ എന്ന ചിത്രം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത സിനിമ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ബോളിവുഡ് ചിത്രങ്ങളുടെ കൂട്ടത്തില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍. സിനിമയുടെ വിജയം ഷാരൂഖ് ഖാനും അറ്റിലും ഫാന്‍സും എല്ലാം ആഘോഷിക്കുന്നു.
എന്നാല്‍ ചിത്രത്തില്‍ നായികയായി എത്തിയ നയന്‍താര അത്രയ്ക്ക് ഹാപ്പി അല്ല എന്നാണ് അറിയുന്നത്. സംവിധായകന്‍ അറ്റിലിയോട് കട്ടക്കലിപ്പിലാണെന്നും കോടമ്പക്കത്തു നിന്നും വാര്‍ത്തകള്‍ വരുന്നു. ചിത്രത്തില്‍ നയന്‍താരയുടെ പല രംഗങ്ങളും കട്ട് ചെയ്ത് മാറ്റിയിട്ടുണ്ടത്രെ. നായികയാണെന്ന് പറഞ്ഞു കൊണ്ടുവന്നിട്ട്, കാമിയോ റോള്‍ ചെയ്ത ദീപിക പദുക്കോണിന്റെ പ്രാധാന്യം പോലും സിനിമയില്‍ തനിക്ക് കിട്ടിയില്ല എന്നാണ് നയന്‍താരയുടെ പക്ഷം.
ഇപ്പോള്‍ ദീപിക- ഷാരൂഖ് ഖാന്‍ ചിത്രം എന്ന നിലയിലാണ് സിനിമയുടെ വിജയത്തെ ആഘോഷിക്കുന്നത്. സിനിമയില്‍ നായികയായി അഭിനയിച്ച നയന്‍താരയെക്കാള്‍ പ്രതിഫലം വാങ്ങിയതും വെറും മിനിട്ടുകള്‍ മാത്രം വന്നുപോയ ദീപിക പദുക്കോണാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ലേഡി എന്ന വിശേഷണത്തോടെ, ഹിന്ദിയില്‍ എത്തിയ നയന്‍താരയ്ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല. അതുകൊണ്ട് തന്നെ അടുത്തെങ്ങും ഇനിയൊരു ഹിന്ദി സിനിമ ചെയ്യാനുള്ള സാധ്യതയും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കൊന്നും നയന്‍താര പങ്കെടുത്തിട്ടില്ല. എന്നാല്‍, പൊതുവെ നയന്‍താര പ്രമോഷനുകള്‍ക്ക് പങ്കെടുക്കാറില്ല എന്നതും, അത് സിനിമ കരാറ് ചെയ്യുമ്പോള്‍ തന്നെ പറയാറുള്ളതാണെന്നും നേരത്തെ അറിയാവുന്നതാണ്. സിനിമയുടെ വിജയാഘോഷം നടത്തിയപ്പോള്‍ അമ്മയുടെ ബേര്‍ത്ത് ഡേ സെലിബ്രേഷന്റെ കാര്യം പറഞ്ഞ് നയന്‍താര വിട്ടു നിന്നതും നോട്ടീസ് ചെയ്യപ്പെട്ടിരുന്നു.
ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി ക്ലബിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനകം ജവാൻ നേടിയത് 907 കോടിയില്‍ അധികമാണെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചരിത്ര നേട്ടമായ 1000 കോടി മറികടന്നോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടെ ഇന്ത്യയില്‍ മാത്രം 526.73 കോടി നേടിയെന്നും ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷാരൂഖ് ഖാൻ നായകനായവയില്‍ റെക്കോര്‍ഡ് കളക്ഷൻ ഇപ്പോഴും പഠാന്റെ പേരിലാണ്. പഠാൻ ആഗോളതലത്തില്‍ ആകെ 1,050.30 കോടി രൂപയാണ് നേടിയത്. പഠാനെ ജവാൻ എപ്പോഴായിരിക്കും ആകെ കളക്ഷനില്‍ മറികടക്കുക എന്ന ആകാംക്ഷയ്‍ക്ക് ഉത്തരമാണ് ഇനി ലഭിക്കേണ്ടത്. നിലവില്‍ ജവാൻ വൻ കുതിപ്പ് കളക്ഷനില്‍ രേഖപ്പെടുത്തുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗോളതലത്തില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ കളക്ഷൻ റെക്കോര്‍ഡ് ജവാന്റെ പേരിലാണ്. റിലീസിന് ജവാൻ ആഗോളതലത്തില്‍ 125.05 കോടിയാണ് റിലീസിന് നേടിയത്. ഇതോടെ ജവാൻ വമ്പൻ ഹിറ്റാകുമെന്ന താരത്തിന്റെ ആരാധകര്‍ തീര്‍ച്ചപ്പെടുത്തിയിരരുന്നു. ഒടിടിയില്‍ ജവാൻ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഡിലീറ്റഡ് രംഗങ്ങളും ഉണ്ടാകും എന്നും പുതിയ റിപ്പോര്‍ട്ടുണ്ട്. തിയറ്റര്‍ റിലീസിനായി ജവാനിലെ ആക്ഷൻ രംഗങ്ങളില്‍ ചിലത് ഒഴിവാക്കിയിരുന്നു.
നെറ്റ്‍ഫ്ലിക്സിലാണ് ഷാരൂഖ് ഖാൻ നായകനായ ചിത്രം സ്‍ട്രീം ചെയ്യുക. വൻ തുകയ്‍ക്കാണ് നെറ്റ്ഫ്ലിക്സ് ജവാന്റെ ഒടിടി റൈറ്റ് നേടിയത്.
തമിഴകത്തെ ഹിറ്റ്മേക്കര്‍ അറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്‍തത്. ഷാരൂഖ് ഖാനും അറ്റ്‍ലിയും കൈകോര്‍ത്തപ്പോള്‍ ചിത്രം വൻ ഹിറ്റായി മാറുന്ന കാഴ്‍ചയാണ് കാണുന്നത്. നയൻതാര നായികയുമായി എത്തി ബോളിവുഡിലെ തുടക്കം അവിസ്‍മരണീയമാക്കി. ഷാരൂഖ് ഖാന്റെ ജവാനിലെ വില്ലൻ കഥാപാത്രം വിജയ് സേതുപതിയാണ്.