KeralaNews

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും;തെക്കൻ ജില്ലകളിൽ ശക്തമായ മഴയെത്തും;ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ജാർഖണ്ഡിന് മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കോമോറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിലുള്ളത്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സെപ്റ്റംബർ 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിലുണ്ട്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും, മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.7 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളായ തീക്കോയി, തലനാട്‌ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയെത്തുടര്‍ന്ന്‌ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. തലനാട്‌ പഞ്ചായത്തിലെ അടുക്കത്ത്‌ വെള്ളാനിയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷി നാശമുണ്ടായി.മീനച്ചിലാറിന്റെ കൈവഴികളില്‍ പല സ്‌ഥലങ്ങളിലും ജലനിരപ്പ്‌ ഉയര്‍ന്നു.

തീക്കോയി പഞ്ചായത്തിലെ ഒറ്റയീട്ടി ഇഞ്ചിപ്പാറയിലും ആനിപ്ലാവിലും രണ്ടിടങ്ങളിലായി ഉരുള്‍പൊട്ടി. ഒറ്റയീട്ടിക്ക്‌ സമീപം വാഗമണ്‍ റോഡില്‍ ഒരു കാര്‍ വെള്ളപ്പാച്ചിച്ചില്‍പെട്ടെങ്കിലും കൂടുതല്‍ അപകടമുണ്ടായില്ല. തീക്കോയി ആറ്റില്‍ ജലനിരപ്പ്‌ ഉയര്‍ന്ന്‌ പാലം വെള്ളത്തില്‍ മുങ്ങി.

പഞ്ചായത്തിലെ വിവിധ റോഡുകളില്‍ ഗതാഗതം തടസപ്പെട്ട നിലയിലാണ്‌. നിലവില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.വാഗമണ്‍ റോഡില്‍ 50 മീറ്ററോളം കല്ലും മണ്ണും നിറഞ്ഞ്‌ ഗതാഗതം തടസപ്പെട്ടു. കെ.എസ്‌.ആര്‍.ടി.സി. ബസടക്കം നിരവധി വാഹനങ്ങളാണ്‌ വഴിയില്‍ കുടുങ്ങിയത്‌.

വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തടസങ്ങള്‍ നീക്കി രാത്രി ഏഴരയോടെയാണ്‌ ഗതാഗതം പുനസ്‌ഥാപിച്ചത്‌. ജില്ലാ കലക്‌ടര്‍ വി. വിഘ്‌നേശ്വരി, പാലാ ഡിവൈ. എസ്‌.പി. അടക്കം അധികൃതര്‍ സ്‌ഥലത്തെത്തി സ്‌ഥിതിഗതികള്‍ വിലയിരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker