‘കുഞ്ഞിനെ എടുത്ത് വളർത്തി; അവൻ പോയതിന് കാരണം; ഇന്നാണെങ്കിൽ ആരുടേതാണെന്ന് പറയേണ്ടി വന്നേനെ’
കൊച്ചി:മലയാള സിനിമയിൽ തിരിച്ചു വരവിൽ മഞ്ജു വാര്യർ കഴിഞ്ഞാൽ ശ്രദ്ധിക്കപ്പെട്ട നടി നവ്യ നായരാണ്. ഒരുത്തീ എന്ന സിനിമയുടെ വിജയത്തിന് ശേഷം നവ്യ നായികയായെത്തുന്ന പുതിയ സിനിമയാണ് ജാനകി ജാനേ. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നവ്യ നായർ. ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്ക് കടക്കുന്നത്. നടൻ ദിലീപായിരുന്നു ഈ സിനിമയിലെ നായകൻ.
ആദ്യ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങൾ നവ്യയെ തേടി വന്നു. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിന് ശേഷമാണ് നവ്യക്ക് കരിയറിൽ വൻ ജനശ്രദ്ധ ലഭിക്കുന്നത്. ബാലാമണി എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. കല്യാണ രാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ, വെള്ളിത്തിര, അമ്മക്കിളിക്കൂട് തുടങ്ങി സിനിമകളുടെ ഭാഗമാവാൻ നവ്യക്ക് കഴിഞ്ഞു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിൻമാറിയ നവ്യക്ക് പക്ഷെ സിനിമാ ലോകത്തെ മറക്കാൻ സാധിച്ചില്ല.
രണ്ടാം വരവിൽ തന്നിലെ അഭിനേത്രിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് നവ്യ നായർ തെളിയിച്ചു. സിനിമകളിൽ വീണ്ടും സജീവമാവുകയാണ് നവ്യ നായർ. സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. യുഗപുരുഷൻ എന്ന സിനിമയുടെ സമയത്ത് ഒരു കുട്ടിയെ എടുത്ത് വളർത്തിയതിനെക്കുറിച്ചാണ് നവ്യ സംസാരിച്ചത്.
‘അവർക്ക് രണ്ട് മക്കളാണ് ഒരു മകനും ഒരു മകളും. മകളെ അവർ വളർത്തും. മകനെ വളർത്താൻ പറ്റുന്നില്ല. അവൻ നല്ല വികൃതിയായിരുന്നു. എന്റെ കൂടെ കൊണ്ട് പോവാൻ പറ്റുമോ എന്തെങ്കിലും ആയിക്കഴിഞ്ഞാൽ അവനെ തിരിച്ച് കൊണ്ട് വരാം, ഉറപ്പില്ല, അല്ലെങ്കിൽ നിങ്ങളുടെ കൂടെ നിർത്തി വളർത്താൻ പറ്റുമോ എന്ന് ചോദിച്ചു. അവർക്ക് ജോലിക്ക് പോവുന്നത് കൊണ്ട് ശ്രദ്ധിക്കാൻ പറ്റുന്നില്ല’
‘ഇവനെ സ്കൂളിൽ വിട്ടാൽ സ്കൂളിൽ പ്രശ്നങ്ങളാണ്. ബബിൾഗം അവിടെയും ഇവിടെയും ഒട്ടിച്ച് വെക്കും. എന്റെ കല്യാണ സമയമായപ്പോഴേക്കും, അവന്റെ അമ്മയ്ക്ക് കല്യാണം റെഡിയായി. അവരുടെ ആദ്യ ഭർത്താവ് മരിച്ച് പോയതാണ്. ആ കുട്ടിയെയും കൂടി സ്വീകരിക്കാൻ അവർ തയ്യാറായി,’ നവ്യ നായർ പറഞ്ഞു.
ഒരു സഹായമായി ചെയ്തതാണ്. ഇന്ന് നമുക്കങ്ങനെ പറ്റില്ല. കല്യാണമൊക്കെ കഴിഞ്ഞ് ഇതാരുടെ ആണെന്ന് നമ്മൾ പറയേണ്ടി വരും. വെറുതെ ഒരു സംശയത്തിന് ഇടയുണ്ടാക്കുന്നതെന്തിനെന്നും നവ്യ തമാശയോടെ ചോദിച്ചു.
മെയ് 12 നാണ് ജാനകി ജാനേ റിലീസ് ചെയ്യുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് സിനിമ അവതരിപ്പിക്കുന്നത്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം എസ് ക്യൂബ് നയിക്കുന്ന ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്ന സിനിമയെന്ന പ്രത്യേകതയും ജാനകി ജാനേയ്ക്കുണ്ട്.
സൈജു കുറുപ്പാണ് സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. സിനിമയെ പോലെ തന്നെ നൃത്ത രംഗത്തും സജീവമാണിന്ന് നവ്യ നായർ. വിവാഹ ശേഷം അഭിനയ രംഗം ഉപേക്ഷിക്കേണ്ടതില്ലെന്നാണ് നവ്യ നായരുടെ അഭിപ്രായം. ഇന്നായിരുന്നെങ്കിൽ വിവാഹ ശേഷം അഭിനയിക്കില്ല എന്ന തീരുമാനം എടുക്കില്ലായിരുന്നെന്നും നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്.
മലയാളത്തിന് പുറമെ മറുഭാഷകളിലും സജീവമായിരിക്കെയായിരുന്നു നവ്യയുടെ വിവാഹം. രണ്ടാം വരവിലും നവ്യക്ക് നല്ല അവസരങ്ങൾ ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കരിയറിൽ നവ്യയുടെ വിജയങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.