ജ്യോതികയിൽ നിന്നും നയൻതാരയിൽ നിന്നും ഞാൻ പഠിച്ചത്;പണ്ട് പേടിച്ചതൊന്നും ഇന്ന് ഒന്നുമല്ല; ഷീല
കൊച്ചി:മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക നടിയാണ് ഷീല. ചെമ്മീൻ എന്ന സിനിമയിലെ കറുത്തമ്മയായാണ് പ്രേക്ഷകർ ഇന്നും ഷീലയെ കാണുന്നത്. എന്നാൽ തന്നെ സംബന്ധിച്ച് താൻ പ്രധാന വേഷം ചെയ്ത കള്ളിച്ചെല്ലമ്മ ഉൾപ്പെടെയുള്ള സിനിമകളും വളരെ പ്രിയപ്പെട്ടതാണെന്ന് ഷീല മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. 78ാം വയസ്സിലും ഷീല എന്ന പേരിനുള്ള താരമൂല്യം കുറഞ്ഞിട്ടില്ല. സിനിമയിൽ പ്രാധാന്യം കുറഞ്ഞ അമ്മ, അമ്മൂമ്മ വേഷങ്ങൾ ചെയ്യാൻ ഷീല ഇതുവരെ തയ്യാറായിട്ടില്ല.
തനിക്ക് പ്രാധാന്യമുള്ള വേഷങ്ങളാണ് അന്നും ഇന്നും ഷീല ചെയ്യുന്നത്. വർഷങ്ങൾക്ക് ശേഷം മനസ്സിനക്കരെ എന്ന സിനിമയിലൂടെ തിരിച്ചെത്തിയപ്പോഴും ഷീല അവതരിപ്പിച്ചത് കേന്ദ്ര കഥാപാത്രത്തെയാണ്. ഇങ്ങനെയൊരു കരിയർ ഗ്രാഫുള്ള നടി മലയാളത്തിൽ വേറെയില്ലെന്ന് തന്നെ പറയാം.
കുറച്ച് നാളുകളായി സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന ഷീല അനുരാഗം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിൽ വീണ്ടുമെത്തുകയാണ്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നടി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഒരുപാട് സിനിമകൾ ഇപ്പോൾ മലയാളത്തിൽ പുറത്തിറങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് ഷീല വ്യക്തമാക്കി. ‘സിനിമ എന്നും നിലനിൽക്കണം. സിനിമയെ ആശ്രയിക്കുന്ന ലക്ഷോപലക്ഷം പേരുണ്ട്. പടങ്ങൾ നന്നായി ഓടണം. വലിയ താരങ്ങൾക്കൊക്കെ പരാജയപ്പെടുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാം. എക്സ്പീരിയൻസുള്ളവർക്ക് ഈ പടം ഓടുമെന്ന് അറിയാം’
‘പ്രൊഡ്യൂസറെ ആദ്യം നോക്കണം. ഇയാളീ പടം എടുത്ത് തീർക്കുമോയെന്ന്. സംവിധായകരെ നോക്കണം. അന്ന് മുതൽ ഇന്ന് വരെയും എന്നെ വിരട്ടി പറഞ്ഞാൽ ഞാനൊന്നും ചെയ്യില്ല. നല്ല രീതിയിൽ പറഞ്ഞാൽ എന്ത് വേണമെങ്കിലും ചെയ്യും’
‘കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ അഭിനയിക്കാതിരിക്കുന്നതാണ് നല്ലത്. സെറ്റിൽ വന്ന് പറയാൻ പാടില്ല. സെറ്റിൽ നമ്മൾ സാധാരണ ആർട്ടിസ്റ്റാണ്. ഞാനെപ്പോഴും ഡയരക്ടറുടെ ആർട്ടിസ്റ്റാണ്. ഷൂട്ടിംഗിന് മുമ്പ് ചെയ്യാൻ പറ്റില്ലാത്ത കാര്യങ്ങൾ ഞാൻ പറയും. പക്ഷെ പുതുതായി വരുന്നവർക്ക് ഒന്നും പറയാനൊക്കില്ല. അവരേത് റോൾ കൊടുത്താലും അഭിനയിക്കണമെന്നാണ് ഞാൻ പറയുക’
‘എപ്പോഴും ലൈം ലൈറ്റിൽ ഉണ്ടാവണം. നമ്മളല്ലെങ്കിൽ വേറൊരാൾ ഉണ്ടാവുമെന്നും ഷീല അഭിപ്രായപ്പെട്ടു. ഒരു ദിവസം താൻ കുറഞ്ഞത് രണ്ട് സിനിമയെങ്കിലും കാണുമെന്നും ഷീല പറഞ്ഞു. ഇവിടെ റിലീസ് ചെയ്യുന്ന എല്ലാ പടങ്ങളെ പറ്റിയും അറിയാം. എന്ത് കൊണ്ടാണ് പടം ഓടിയില്ലെന്ന് അറിയാം’
പുതിയ തലമുറയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഷീല വ്യക്തമാക്കി. ‘ഞാൻ ഒപ്പമാളില്ലാതെ ഷൂട്ടിംഗിന് പോവാറെ ഇല്ലായിരുന്നു. ആദ്യം അമ്മ വന്നു, പിന്നീട് സഹോദരിമാർ. സഹായികളും വരുമായിരുന്നു. ചന്ദ്രമുഖി സിനിമയ്ക്ക് ഹൈദരാബാദിൽ പോയപ്പോൾ അടുത്ത റൂമിൽ ജ്യോതിക താമസിക്കുന്നു’
‘ആരാണ് അവരുടെ ഒപ്പം വന്നതെന്ന് ചോദിച്ചു. ആരും വന്നിട്ടില്ല തനിച്ചാണെന്ന് പറഞ്ഞു. അവർ തനിച്ചാണോ, പിന്നെ ഞാനെന്തിനാണ് ഈ ആൾക്കാരെ കൊണ്ട് വരുന്നതെന്ന് വിചാരിച്ച് അവരെ ഞാൻ വേറെ ഹോട്ടലിൽ താമസിപ്പിച്ചു’
‘അവരിൽ നിന്ന് ഞാൻ പഠിച്ചു. എന്ത് പേടിക്കാനാണ്. ഈ പ്രായത്തിൽ പേടിക്കേണ്ട ഒരു ആവശ്യവുമില്ല. അവർ കൊച്ച് പിള്ളേർ തനിച്ച് താമസിക്കുന്നു. ഇപ്പുറത്ത് നയൻതാര, അപ്പുറത്ത് ജ്യോതികയും. ഇവരിൽ നിന്നെല്ലാം ഞാൻ കണ്ട് പഠിക്കുകയാണ്. അന്ന് നമ്മൾ അയ്യോ എന്ന് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഒന്നുമല്ല. സാധാരണമാണ്,’ ഷീല പറഞ്ഞു.