ന്യൂഡൽഹി: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, പി.ആർ. ശിവശങ്കർ എന്നിവർ ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാകമ്മീഷന്റെ ഇടപെടൽ.
റിപ്പോർട്ടിന്റെ പൂർണരൂപം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായാണ് വിവരം. വേട്ടക്കാരെ പൂർണമായും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. റിപ്പോർട്ട് കൈവശംവെച്ച് സംസ്ഥാന സർക്കാർ വിലപേശൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
290 പേജുകൾ അടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്നതിനാലാണ് അവ ഒഴിവാക്കിയത്.
സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമവും ചൂഷണവും നടന്നുവെന്ന് റിപ്പോർട്ടിൽ ഉണ്ടായിട്ടും വേട്ടക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിനു പിന്നാലെ സിനിമാ ചില പ്രവർത്തകർ മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇപ്പോൾ അന്വേഷണം നടന്നുവരുന്നത്.