KeralaNewsNews

തിരുവോണം ബമ്പർ വിൽപന 23 ലക്ഷത്തിലേക്ക്; കൂടുതൽ വിറ്റത് പാലക്കാട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ഒന്നാം സമ്മാനമായി നല്‍കുന്ന ഓണം ബമ്പര്‍ ലോട്ടറിയുടെ വില്‍പന ഉയരുന്നു. നിലവില്‍ ആകെ വിറ്റ ടിക്കറ്റിന്റെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുകയാണ്. തിരുവോണം ബമ്പര്‍ ഓഗസ്റ്റ് ഒന്നിനാണ് പുറത്തിറക്കിയത്. അന്ന് ആകെ 10 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചിരുന്നത്. എന്നാല്‍, ടിക്കറ്റ് പുറത്തിറക്കിയ ദിവസം തന്നെ ആറുലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റുപോയി.

ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലുമണിവരെ ഉള്ള കണക്കനുസരിച്ച് വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. ഇതോടെ കൂടുതല്‍ ടിക്കറ്റുകള്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലേക്ക് എത്തിച്ചു. ഇതുവരെയുള്ള കണക്കില്‍ നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയിലാണ് ഓണം ബമ്പര്‍ വില്‍പ്പന കൂടുതല്‍. തൊട്ടുപിന്നില്‍ മൂന്നുലക്ഷത്തിനടുത്ത് വില്‍പ്പനയുമായി തിരുവനന്തപുരം ജില്ലയുമുണ്ട്. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശ്ശൂര്‍ ജില്ല മൂന്നാംസ്ഥാനത്തുമുണ്ട്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വില്പനയില്‍ ഇടിവുണ്ടാകുമെന്നായിരുന്നു വകുപ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ തന്നെ ടിക്കറ്റ് വില്‍പ്പന 23 ലക്ഷത്തിനടുത്തെത്തി. ഇത്തവണ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. കഴിഞ്ഞ തവണ 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്.

തിരുവോണം ബമ്പറിന്റെ (BR 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള്‍ തന്നെ. പക്ഷേ അത് ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്. അങ്ങിനെ 20 കോടി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് നല്‍കുന്ന കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികളാണ്.

ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും 10 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവുമാണ് പിന്നീടുള്ള വലിയ സമ്മാന തുകകള്‍.

ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 500 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്.

2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണംചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു. ഓണം ബമ്പര്‍ മുതലായവയുടെ സമ്മാനത്തുക കൂടെ ഇനി കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ ഭാഗ്യക്കുറി റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker