KeralaNews

തീ ആളിക്കത്തിയപ്പോൾ മൂന്നാം നിലയിൽനിന്ന് വാട്ടർ ടാങ്കിലേക്ക് ചാടി; നളിനാക്ഷന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

കാസർകോട്: നളിനാക്ഷന്റെ ജീവൻ കാത്തത് വാട്ടർ ടാങ്കാണ്. കെട്ടിടം കത്തിയെരിയുകയും നിലവിളികൾ ഉയരുകയും ചെയ്യുമ്പോൾ വെള്ളത്തിലേക്ക് ചാടാനും രക്ഷപ്പെടാനും നളിനാക്ഷനു സാധിച്ചു. കുവൈത്ത് തീപിടിത്തത്തിൽ നിന്നു രക്ഷപ്പെട്ട നളിനാക്ഷന്റെ ശബ്ദം ഫോണിൽ കേട്ടപ്പോൾ തൃക്കരിപ്പൂർ ഒളവറയിലെ ടി.വി.യശോദയുടെ വീട്ടിൽ ആശ്വാസമായി. നിരവധി പേർ തീപിടിത്തത്തിൽ മരിച്ചുവെന്ന വാർത്ത പരന്നതോടെ അമ്മ യശോദയും ഭാര്യ ബിന്ദുവും സഹോദരങ്ങളും ആധിയിലായിരുന്നു. 

‘കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയിലും പുകയിലും പെട്ടപ്പോൾ എന്തു ചെയ്യണമെന്നു നിശ്ചയമില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണെന്നും ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി. വീഴ്ചയിൽ അരയ്ക്കു താഴെ പരുക്കേറ്റു. ആശുപത്രിയിൽ എത്തുന്നതുവരെ ബോധമുണ്ടായില്ല’– നളിനാക്ഷൻ പറഞ്ഞു. 10 വർഷത്തിലേറെയായി കുവൈത്തിൽ ജോലിയെടുക്കുന്ന നളിനാക്ഷൻ, വിവിധ സംഘടനകളുമായി ചേർന്നു സന്നദ്ധ പ്രവർത്തനവും നടത്തുന്നുണ്ട്.

ബുധനാഴ്ച പുലർച്ചെ കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകന്‍ ആകാശ് ശശിധരന്‍ നായര്‍ (31), കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കോട്ടയം സ്വദേശികളായ പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍

കാസര്‍കോട് സ്വദേശികളായ ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker