KeralaNews

വീഡിയോകോളിന് കാത്തിരുന്നു; എത്തിയത് ദുരന്തവാർത്ത

കാസർകോട്: കുവൈത്തിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന് തീപിടിച്ച് പ്രവാസികൾ മരിച്ച സംഭവത്തിൽ ഞെട്ടിത്തരിച്ച് കാസർകോട് ജില്ല. പുലർച്ചെ നാലോടെ ഉറക്കത്തിനിടെ അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തത്തിലാണ് ജില്ലയിലെ രണ്ട് പേരുൾപ്പെടെ ഒട്ടേറെപ്പേർ അഗ്നിക്കിരയായത്. വാർത്ത പുറത്തുവന്നതിനെത്തുടർന്ന് കുവൈത്തിൽ ജോലിചെയ്യുന്നവരുടെ കുടുംബക്കാരുടെ നെഞ്ചിൽ തീ ഉയരാൻ തുടങ്ങി.

എവിടെയാണ് അപകടം നടന്നതെന്നും എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നുമുള്ള കണക്കുകൾ വ്യക്തമാകാൻ വൈകിയതോടെയാണ് എല്ലാവരിലും ആധി കയറിയത്. വിവരങ്ങളന്വേഷിച്ച് പത്രമോഫീസുകളിൽ ഫോൺവിളികളുടെ പ്രവാഹമായിരുന്നു. ആധികാരിക വിവരമറിയാൻ വൈകുന്നത് കാരണം വ്യക്തമായൊരു മറുപടി പറയാൻ ആർക്കുമായില്ല. ഒരുപകൽ മുഴുവൻ എല്ലാവരെയും മുൾമുനയിലാക്കി വൈകിട്ടോടെയാണ് അപകടത്തിൽ മരിച്ചവരുടെ പേരുവിവരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത്.

വീട്ടിലെ കാര്യങ്ങളും നാട്ടുവിശഷേങ്ങളുമറിയാൻ എല്ലാ ദിവസവും കുവൈത്തിൽനിന്നും വീഡിയോകോൾ വരാറുള്ളതാണ്. ബുധനാഴ്ച അതുണ്ടായില്ല. പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് കെ.എൻ.മണി രാവിലെ മുതൽ അസ്വസ്ഥയായിരുന്നു. ഇതിനിടയിലാണ് കുവൈത്തിലെ തീപ്പിടിത്തവിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയുന്നത്.

ഭർത്താവ് കേളുവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും അങ്ങേത്തലയ്ക്കൽനിന്ന്‌ മറുപടിയുണ്ടായില്ല. തീപ്പിടിത്തവിവരമറിഞ്ഞ് അത് അന്വേഷിക്കാൻ പോയതായിരിക്കും. ഫോണെടുെത്തിട്ടുണ്ടാകില്ല. സഹപ്രവർത്തകർ സമാശ്വസിപ്പിച്ചു. ഭർത്താവിന്റെ വിളി കാത്തിരുന്ന മണി വൈകുന്നേരത്തോടെ തളർന്നുപോയി. ഇവരെ സഹപ്രവർത്തകർ ഇളമ്പച്ചിയിലെ വീട്ടിലെത്തിക്കുകയായിരുന്നു.

കുവൈത്തിലെ ദുരന്തത്തിൽ തന്റെ പാതിയും പെട്ടുപോയെന്ന് മനസ്സ് പറഞ്ഞിട്ടാകാം.. ഇനിയെനിക്കാരുമില്ലല്ലോയെന്ന കരച്ചിലായിരുന്നു പിന്നീട്. കൂടെപ്പോയവർ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങി.

വാർധക്യസഹജമായ അസുഖത്താൽ കിടപ്പിലായ അമ്മയെ കൂടെയുണ്ടായിരുന്നവർ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. കാഞ്ഞങ്ങാട്ടുനിന്ന്‌ മണിയുടെ സഹോദരനെ വിളിച്ചുവരുത്തിയാണ് സെക്രട്ടറി മധു ഉൾപ്പെടെയുള്ള സഹപ്രവർത്തകർ മടങ്ങിയത്. പിലിക്കോട് എരവിലെ നിർധനകുടുംബത്തിലെ ഏഴുമക്കളിൽ ആറാമത്തെയാളാണ് കേളു.

ചെറുവത്തൂർ ടെക്‌നിക്കൽ ഹൈസ്കൂളിൽനിന്ന്‌ ടി.എച്ച്.എസ്‌.എൽ.സി.ക്കുശേഷം കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിൽനിന്ന്‌ മെക്കാനിക്കൽ എൻജിനീയറിങ് പാസായി. പിന്നീട് കുവൈത്തിലായിരുന്നു. വിവാഹശേഷം ഇളമ്പച്ചിയിൽ വീട് വെച്ച് താമസം അങ്ങോട്ടേക്ക് മാറി. കുവൈത്തിൽ എൻ.ബി.ടി.സി. ഗ്രൂപ്പിൽ പ്രൊഡക്ഷൻ എൻജിനീയറായി ജോലിയിലിരിക്കെയാണ് ദുരന്തം മാടിവിളിച്ചത്. കഴിഞ്ഞ ഏപ്രിലിൽ നാട്ടിലെത്തി തിരിച്ചുപോയതാണ്.

നാട്ടിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും പിലിക്കോട് പഞ്ചായത്ത് കാര്യാലയത്തിലെത്തി ഭാര്യയുടെ സഹപ്രവർത്തകരെയും കണ്ടാണ് മടങ്ങിയത്. ഭാര്യയും രണ്ട് ആൺമക്കളുമായി നല്ലനിലയിൽ ജീവിച്ചുപോകുന്ന കുടുംബത്തിലേക്കാണ് കുവൈത്തിലെ തീപ്പിടിത്തം ദുരന്തമായി പെയ്തിറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker