സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ അന്തരിച്ചു

കൊച്ചി: സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. ഒരാഴ്ചയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. സസ്‌കാരം വൈകുന്നേരം നാലിന് മുരുക്കുംപാടം ശ്മശാനത്തില്‍ നടക്കും.

വൈപ്പിന്‍ നെടുങ്ങാട് മണിയന്‍തുരുത്തില്‍ ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ്. ആദ്യം നെടുങ്ങാട് വിജയന്‍ എന്നറിയപ്പെട്ടിരുന്ന വിജയനെ നടന്‍ തിക്കുറിശിയാണ് സിദ്ധാര്‍ഥ് വിജയനെന്ന് പുനര്‍ നാമകരണം ചെയ്തത്. മൂന്ന് മലയാള സിനിമയ്ക്കും നിരവധി തമിഴ് മലയാളം റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും വിജയന്‍ ഈണമിട്ടിട്ടുണ്ട്. ഇതുവരെ മൂവായിരത്തോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. 1983ല്‍ ഓണക്കാലത്തിറങ്ങിയ സുജായതയും മാര്‍ക്കോസും ചേര്‍ന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആല്‍ബമാണ് ആദ്യത്തെ ആല്‍ബം.

കലാഭവന്‍മണിക്ക് വേണ്ടി 45 കാസറ്റുകള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങാതി, അമ്മ ഉമ്മ മമ്മി, സ്വാമി തിന്തകത്തോം തുടങ്ങിയ മണിയുടെ ഹിറ്റു കാസറ്റുകള്‍ വിജയന്റെ സംഗീത്തിലാണ് പിറന്നത്. ഭാര്യ: ദേവി. മക്കള്‍: നിസരി, സരിഗ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group