32.8 C
Kottayam
Friday, March 29, 2024

മൊബൈലില്‍ തെറിവിളിച്ചതിന് പ്രതികാരമായി കൊലപാതകം,യുവാക്കളുടെ മൊഴിയില്‍ ഞെട്ടി പോലീസ്

Must read

കൊച്ചി: മുളന്തുരുത്തിയില്‍ യുവാവു കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ യുവാക്കളുടെ ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള തര്‍ക്കമെന്നു പൊലീസ്. കേസില്‍ പ്രതികളായ നാലംഗ സംഘവും കൊല്ലപ്പെട്ട പെരുമ്പിള്ളി ഈച്ചിരവേലില്‍ ജോജി മത്തായിയും(22) സൃഹൃത്തുക്കളാണ്. ഒന്നിച്ച് കഞ്ചാവ് ഉപയോഗിക്കുന്നവരാണിവര്‍. പക്ഷെ കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ഇവര്‍ നല്‍കിയ മറുപടി പൊലീസിനെയും ഞെട്ടിച്ചു. ജോജി തെറിവിളിച്ചത്രെ, അതും മൊബൈല്‍ ഫോണില്‍.

ഇതിനു നേരിട്ടു മറുപടി നല്‍കാമെന്നു പറഞ്ഞെത്തിയതാണ് കൊലയാളി സംഘം. വീട്ടിലെത്തിയപ്പോഴും അസഭ്യം തുടര്‍ന്നതോടെ പ്രകോപിതരായ സംഘം കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. നെഞ്ചിലും കഴുത്തിനുമേറ്റ ഗുരുതര മുറിവാണ് ജോജിയുടെ മരണത്തിനിടയാക്കിയത്. അക്രമം തടയാനെത്തിയ പിതാവിനും കുത്തേറ്റു. തിങ്കളാഴ്ച വൈകിട്ടു നാലേമുക്കാലോടെയായിരുന്നു സംഭവം.

സംഭവത്തില്‍ ഇടപെടാനോ ജോജിയെ രക്ഷപെടുത്താനോ നാട്ടുകാര്‍ മുതിര്‍ന്നില്ല. ഒടുവില്‍ മുളന്തുരുത്തി പൊലീസെത്തി ആംബുലന്‍സ് വരുത്തിയാണ് ഇരുവരെയും കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പ്രതികള്‍ സഞ്ചരിച്ച ഒരു ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്താന്‍ ഉപയോഗിച്ച കത്തിയും ബൈക്കും ഉപേക്ഷിച്ചാണ് അക്രമികള്‍ രക്ഷപ്പെട്ടത്. ഇവരില്‍ ഒരാള്‍ മറ്റൊരു കൊലപാതക കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

പ്രതികളെ അര്‍ധരാത്രിയോടെ വടവുകോടുള്ള ഒരു സ്‌കൂളിനു സമീപത്തുനിന്ന് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപെട്ടു. ഉദയംപേരൂര്‍ പണ്ടാരപാട്ടത്തില്‍ ശരത് ചന്ദ്രശേഖരന്‍(27), മുളന്തുരുത്തി കോലഞ്ചേരിക്കടവ് ഇടപ്പാറമറ്റത്തില്‍ അതുല്‍ സുധാകരന്‍(23), നോര്‍ത്ത് പറവൂര്‍ തട്ടകത്ത്താണിപ്പാടം മിഥുന്‍ പുരുഷന്‍(25) എന്നിവരാണു പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന എരൂര്‍ പാമ്പാടിത്താഴം വിഷ്ണുവാണ്(27) രക്ഷപ്പെട്ടത്.

അറസ്റ്റു ചെയ്തു സ്റ്റേഷനില്‍ എത്തിച്ചിട്ടും ഒരു കൂസലും ഇല്ലാതെയായിരുന്നു പൊലീസിനോടും സ്റ്റേഷനില്‍ എത്തുന്നവരോടും പ്രതികളുടെ പെരുമാറ്റം. ഫോട്ടോ എടുക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇവര്‍ ആദ്യം തട്ടിക്കയറി. ചോദിച്ചിട്ടു വേണം ഫോട്ടോ എടുക്കാന്‍ എന്നു പറഞ്ഞു പിന്നീട് ഫോട്ടോയ്ക്കു പോസു ചെയ്തു നല്‍കുകയായിരുന്നു. മരിക്കുന്നതിനു മുന്‍പ് ആക്രമിച്ചവരുടെ പേരുകള്‍ ജോജി പൊലീസിനോടു പറഞ്ഞിരുന്നു. 5 പേരുടെ വിവരം പറഞ്ഞെങ്കിലും അന്വേഷണത്തില്‍ 4 പേരാണു കൃത്യത്തിനു പിന്നിലെന്നു പൊലീസ് കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week