നല്ല പ്രായത്തിൽ സിനിമയിൽ എത്തി, പക്ഷേ സൂപ്പർസ്റ്റാറാവാൻ കഴിയാതെ പോയതിനെ കുറിച്ച് മുകേഷ്
കൊച്ചി:മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് നടൻ മുകേഷ്. നായകനായും സഹനടനയുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടൻ. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തുന്നത്.
നാടകങ്ങളിൽ അഭിനയിച്ച ശേഷമാണ് മുകേഷ് സിനിമയിലേക്ക് എത്തുന്നത്. 1982 ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് തുടങ്ങിയ സിനിമകളിലൂടെയാണ് മുകേഷ് ശ്രദ്ധനേടുന്നത്. അതിനു ശേഷം 1989 ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് മുകേഷ് മുൻനിര നായകന്മാരിൽ ഒരാളായി മാറുന്നത്.
പിന്നീട് നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിയറിൽ വലിയ ഉയർച്ചയിലേക്ക് എത്താൻ മുകേഷിന് സാധിച്ചില്ല. മുകേഷിനൊപ്പം അഭിനയിച്ച പല താരങ്ങളും പിന്നീട് സൂപ്പർ സ്റ്റാറുകൾ ആയി മാറിയപ്പോഴും മുകേഷിന്റെ കരിയർ ഗ്രാഫ് നായകൻ, സഹ നടൻ വേഷങ്ങളിലൂടെ ഉയർന്നും താഴ്ന്നും പോയിക്കൊണ്ടിരുന്നു.
അതേസമയം, രാഷ്ട്രീയത്തിലും മിനിസ്ക്രീനിലുമെല്ലാം നടൻ സജീവമാവുകയും ചെയ്തു. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ എന്തുകൊണ്ട് താൻ സൂപ്പർ സ്റ്റാർ ആയില്ലെന്ന് മുകേഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ, ആ വീഡിയോ ശ്രദ്ധനേടുകയാണ്. മുകേഷ് അന്ന് പറഞ്ഞത് ഇതാണ്.
‘ഒരിക്കൽ സംവിധായകൻ ടിവി ചന്ദ്രൻ, അദ്ദേഹം ഒരുപാട് നല്ല സിനിമകൾ എടുത്തിട്ടുണ്ട്. പ്രത്യേകിച്ച് ആർട് വിഭാഗത്തിൽ വരുന്നത്. ഒരു ദിവസം അദ്ദേഹം എന്നോട് വന്നിട്ട്, ഒരു ഡയലോഗേ പറഞ്ഞുള്ളു. ഒരു റസ്റ്റോറന്റിൽ വെച്ചാണ്. എനിക്ക് വന്ന് ഷേക്ക് ഹാൻഡ് തന്നിട്ട് പറഞ്ഞു, ഞാൻ ടിവി ചന്ദ്രൻ. എനിക്ക് അറിയാമെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. ‘ദി റൈറ്റ് മാൻ ഇൻ ദി റോങ് പ്ലേസ്’ എന്ന്. അന്ന് അദ്ദേഹം അങ്ങനെ പറഞ്ഞതിൽ എന്തെങ്കിലും കാരണം ഉണ്ടാവാം,’
‘എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഒരു റൈറ്റ് സിനിമയിലും എനിക്ക് അവസരം തന്നിട്ടില്ല. പക്ഷെ അതൊരു വലിയ സ്പാർക്കാണ്. ഒരു നടനെ സംബന്ധിച്ച് കഴിവിന്റെ മുകളിൽ നിൽക്കണം ഭാഗ്യം. അതുല്യ നടനാണ് പക്ഷെ ആ സിനിമയിൽ അഭിനയിച്ചിട്ടില്ല എന്ന് പറഞ്ഞാൽ കാര്യമില്ല,’
‘ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ട് ഒരു സൂപ്പർസ്റ്റാർ ആയില്ലെന്ന്. എന്റെ മക്കൾ ഉൾപ്പെടെ ചോദിച്ചിട്ടുണ്ട്. അതിനകത്തുള്ള മറുപടി എന്ന് പറഞ്ഞാൽ അത് വേറെ ജീനാണ്. എന്റെയല്ല. ഞാൻ ഒരുകാര്യം ഏറ്റെടുത്താൽ അത് അഭിനയമായാലും എന്തായാലും അത് നൂറ് ശതമാനം സത്യസന്ധതയോടെ ചെയ്യാനും അതിലൊരു വ്യത്യസ്തത കൊണ്ടുവരാനും പെർഫെക്ഷൻ കൊണ്ടുവരാനുമൊക്കെ ശ്രമിക്കും,’
‘പക്ഷെ അത് കിട്ടിയ ശേഷം മാത്രമേ ശ്രമിക്കൂ. കിട്ടാനായി ശ്രമിക്കില്ല. അത് എന്റെ ഒരു ഡികോളിഫിക്കേഷൻ ആണ്. എന്നെ സംബന്ധിച്ച് വളരെ ചെറുപ്പത്തിൽ നല്ല പ്രായത്തിലാണ് എനിക്ക് സിനിമയിലേക്ക് വരാൻ പറ്റിയത്. എനിക്ക് നല്ല സമയം കിട്ടി. പക്ഷെ ഒരിക്കലും അങ്ങനെയൊരു പ്രോജക്റ്റ് എനിക്ക് ചെയ്യണം അങ്ങനെ ഒരാളെ കണ്ടെത്തണം എന്നൊന്നും തോന്നിയിട്ടില്ല,’
‘ഒരു ദിവസം എന്റെ ഇളയമോൻ എന്നോട് ചോദിച്ചു, അച്ഛൻ എന്താണ് സൂപ്പർസ്റ്റാർ ആവാതിരുന്നതെന്ന്. ഞാൻ പറഞ്ഞു ഒരു ദിവസം ഞാൻ ദൈവത്തെ കണ്ടു. ഏത് ദൈവം എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു, അങ്ങനെയൊന്നും പറയാൻ പറ്റില്ല. നമ്മുക്ക് ഫീൽ ചെയ്യും. എവിടെ വെച്ച് കണ്ടെന്നായി. ഞാൻ പറഞ്ഞു, കാഞ്ഞിരപ്പിള്ളിയിൽ നിന്ന് ഈരാറ്റുപേട്ട പോകുന്ന വഴി ഒരു വളവിൽ വെച്ച് കണ്ടെന്നു പറഞ്ഞു,’
‘ഇതേ ചോദ്യം അന്ന് ദൈവം എന്നോട് ചോദിച്ചു. നിനക്ക് സൂപ്പർസ്റ്റാറാകണോ അതോ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വേണമോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മതിയെന്ന്. അപ്പോൾ അവൻ പറഞ്ഞു അത് സൂപ്പർ ആണെന്ന്’