‘ഫോണ്‍ നമ്പര്‍ കൊടുക്കേണ്ട അതൊക്കെ റിസ്‌കാ’; മുകേഷ് തിരക്കഥാകൃത്താവുന്നു?
കൊച്ചി: നടന്‍ എന്നതിലുപരി സരസമായി കഥകള്‍ പറഞ്ഞും എഴുതിയും ആളുകളെ രസിപ്പിക്കുന്നയാളാണ് മുകേഷ്. മുകേഷ് കഥകള്‍ എന്ന പേരില്‍ പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇപ്പോളിതാ സിനിമ തിരക്കഥാകൃത്തായും മുകേഷ് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദേശീയ പുരസ്‌ക്കാരം ലഭിച്ച ഹെലന്‍ എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായാണ് മുകേഷ് കൂടി ചേര്‍ന്ന് തിരക്കഥ രചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുകേഷ്, ചിത്രത്തിന്റെ സംവിധായകനായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, ഹെലന്‍ സിനിമയുടെ സംവിധായകന്‍ മാത്തുകുട്ടി, നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മക്കളുടെ റോളിലേക്കാണ് അഭിനേതാക്കളെ വേണ്ടത്. അന്വേഷണങ്ങള്‍ക്കായി ഫോണ്‍ നമ്പര്‍ നല്‍കാനൊരുങ്ങുകയും, എന്നാല്‍ പെട്ടന്ന് തന്നെ ‘ഫോണ്‍ നമ്പര്‍ കൊടുക്കേണ്ട, അതൊക്കെ റിസ്‌കാ’ എന്ന വീഡിയോയിലെ മുകേഷിന്റെ ഡയലോഗും ഏറെ ചിരിയുണര്‍ത്തുന്നുണ്ട്.
ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം. ചെറിന്‍ പോളാണ് ഛായാഗ്രഹണം. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മാണം.