ഇടപ്പള്ളിയിലെ ഗതാഗത കുരുക്കില്‍ നിന്നു രക്ഷപ്പെടാന്‍ കാറില്‍ സൈറണ്‍ മുഴക്കി പാഞ്ഞു; യുവാവിനെ പിടികൂടി പോലീസ്

കാക്കനാട്: ഇടപ്പള്ളി-പുക്കാട്ടുപടിയില്‍ ഉണ്ടായ ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാനായി കാറില്‍ സൈറണ്‍ മുഴക്കി പാഞ്ഞ യുവാവിനെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ഇയാളില്‍ നിന്നും 2,000 രൂപ പിഴയീടാക്കി. സൈറണ്‍ മുഴക്കി പോകുന്ന കാറിന്റെ വീഡിയോ യുവാക്കള്‍ എടുത്തതാണ് ഇയാളെ പിടികൂടാന്‍ സഹായിച്ചത്.

കഴിഞ്ഞദിവസമാണ് ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് ആംബുലന്‍സ് സൈറണ്‍ പോലുള്ള ശബ്ദം മുഴക്കുന്ന യന്ത്രം ഉപയോഗിച്ച് കാര്‍ യാത്രക്കാരന്‍ പാഞ്ഞത്. ആംബുലന്‍സ് അല്ലെന്ന് മനസ്സിലാക്കിയ ചില യുവാക്കള്‍ കാറിനെ പിന്തുടരുകയായിരുന്നു.

ഇതിന്റെ വിഡിയോ പകര്‍ത്തി വണ്ടിനമ്പര്‍ സഹിതം ആര്‍ടിഒ പിഎം ഷബീറിന് അയച്ചുകൊടുത്തു. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ ചന്തുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പുക്കാട്ടുപടി സ്വദേശി അന്‍സാറാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു.

വാഹനത്തിന്റെ ആര്‍സി ബുക്കിലെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നേരിട്ട് ഇയാളുടെ വീട്ടിലെത്തുകയായിരുന്നു. ആദ്യം കുറ്റം നിഷേധിച്ച അന്‍സാര്‍, പിന്നീട് കേസാകുമെന്ന് അറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി ഓണ്‍ലൈനിലൂടെ സൈറന്‍ വാങ്ങി ഘടിപ്പിക്കുകയായിരുന്നെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News