തോക്കെടുത്തു കളിച്ച മൂന്നു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
വാഷിംഗ്ടണ്‍: മൂന്നു വയസുള്ള കുഞ്ഞ് തോക്ക് എടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റ് അമ്മ മരിച്ചു. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഷിക്കാഗോയുടെ പ്രാന്തപ്രദേശമായ ഡോള്‍ട്ടണിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയിലായിരുന്നു ദുരന്തം. കാറിന്റെ പിന്‍ ഭാഗത്തു കുട്ടികള്‍ക്കായുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു കുഞ്ഞ്. മാതാപിതാക്കള്‍ മുന്‍ വശത്തെ സീറ്റുകളിലുമായിരുന്നു.
ഇതിനിടയില്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ കുട്ടിയുടെ കൈവശം കാറില്‍ സൂക്ഷിച്ചിരുന്ന പിതാവിന്റെ പിസ്റ്റള്‍ ലഭിക്കുകയായിരുന്നു. പിസ്റ്റള്‍ കൈയില്‍ കിട്ടിയതോടെ പിന്നെ അതുകൊണ്ടായി കുട്ടിയുടെ കളി. ഇടയ്ക്ക് കുഞ്ഞ് തോക്കിന്റെ ട്രിഗര്‍ വലിച്ചു. ഉടന്‍ തോക്കില്‍നിന്നു വെടിപൊട്ടി. മുന്‍വശത്ത് ഇരിക്കുകയായിരുന്ന അമ്മ ദേജ ബെന്നറ്റി(22)ന്റെ കഴുത്തിന്റെ പിന്‍ഭാഗത്താണ് വെടിയേറ്റത്. യുവതിയെ ഉടന്‍തന്നെ ഷിക്കാഗോയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോക്ക് കൈകാര്യം ചെയ്തതിലെ അശ്രദ്ധയും മറ്റും കണക്കിലെടുത്തു പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ കൈവശം മാതാപിതാക്കളുടെ തോക്ക് അബദ്ധത്തില്‍ എത്തുന്നതും അതു വലിയ ദുരന്തത്തില്‍ കലാശിക്കുന്നതുമായ നിരവധി സംഭവങ്ങള്‍ അമേരിക്കയില്‍ ഉണ്ടാകാറുണ്ട്. എവരിടൗണ്‍ ഫോര്‍ ഗണ്ണിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ പക്കല്‍ കിടക്കകളിലോ മേശപ്പുറങ്ങളിലോ ബാത്ത് റൂമിലോ ഒക്കെ മാതാപിതാക്കള്‍ അലക്ഷ്യമായി വയ്ക്കുന്ന തോക്കുകള്‍ എത്താറുണ്ട്.
അതു ചിലപ്പോഴൊക്കെ വലിയ ദുരന്തങ്ങളായി മാറാറുമുണ്ട്. തോക്കുകള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പ്രചാരണം നടത്തുന്ന സംഘടനയാണിത്. പ്രായപൂര്‍ത്തിയാകാത്തവരുടെ മനപ്പൂര്‍വമല്ലാത്ത വെടിവയ്ക്കലുകള്‍ മൂലം വര്‍ഷം 350 പേര്‍ അമേരിക്കയില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. അമേരിക്കയില്‍ ആത്മഹത്യകള്‍ അടക്കം തോക്ക് ഒരു വര്‍ഷം നാല്‍പതിനായിരം പേരുടെ ജീവന്‍ അപഹരിക്കുന്നതായിട്ടാണ് കണക്ക്.