മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും: സ്ഥിരീകരണം
കൊച്ചി:മോഹന്‍ലാലിനെ (Mohanlal) നായകനാക്കി പ്രിയദര്‍ശന്‍ (Priyadarshan) സംവിധാനം ചെയ്ത സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. വലിയ പ്രതീക്ഷകളുയര്‍ത്തി പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രത്തിന് പക്ഷെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്.
1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കുത്തി മുതല്‍ 2021 ല്‍ ഇറങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം വരെ നിരവധി ചിത്രങ്ങള്‍ ഇവരുടേതായുണ്ട്. മോഹന്‍ലാല്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിവരം അറിയിച്ചത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയ്ക്ക് മലൈക്കോട്ടൈ വാലിബന്‍ റിലീസിനോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തന്റെ അപ്കമിംഗ് പ്രോജക്റ്റുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. എമ്പുരാന് ശേഷം ജോഷി സാറിനൊപ്പം ഒരു ചിത്രം ഞാന്‍ ചെയ്യുന്നുണ്ട്. പിന്നീട് ഒരു സത്യന്‍ അന്തിക്കാട് ചിത്രം വരുന്നുണ്ട്. പ്രിയദര്‍ശനുമൊത്തും ഒരു ചിത്രം വരുന്നുണ്ട്. ജീത്തു ജോസഫ് ചിത്രം റാമും പുറത്തെത്തുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.
മരക്കാറിന് ശേഷം പ്രിയദർശനും മോഹൻലാലും ചേർന്ന് പൂർത്തിയാക്കിയ മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്താനുണ്ട്. എം ടി വാസുദേവൻ നായരുടെ രചനകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയുടെ ഭാഗമായുള്ള ചിത്രമാണ് ഇത്.
എംടിയുടെ രചനയിൽ പി എൻ മേനോൻ സംവിധാനം ചെയ്ത് 1970 ൽ പുറത്തെത്തിയ ഓളവും തീരവും എന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ആന്തോളജിക്കുവേണ്ടി പ്രിയദർശൻ റീമേക്ക് ചെയ്തിരിക്കുന്നത്. ഈ ആന്തോളജിയുടെ റിലീസിംഗ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തു വന്നിട്ടില്ല.