മാളവിക ജയറാമിന്റെ വിവാഹനിശ്ചയ വീഡിയോ പുറത്ത്; ചടങ്ങിന്റെ സംഘാടക അപർണ ബാലമുരളി
കൊച്ചി:ജയറാമിന്റെ (Jayaram) മകള്‍ മാളവിക ജയറാമിന്റെ (Malavika Jayaram) വിവാഹനിശ്ചയ വീഡിയോ പുറത്തുവിട്ട് മാജിക് മോഷന്‍ പിക്‌ചേഴ്‌സ് (Magic motion pictures). പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് (Navaneeth Gireesh) ആണ് മാളവികയുടെ വരന്‍. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് വിവാഹം. മാളവികയുടെയും നവനീത്തിന്റെയും വിവാഹം.
പുറത്തുവന്ന വീഡിയോയില്‍ മാളവികയും നവനീതും തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. ”അവളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളിലും എനിക്ക് ലഭിക്കുന്നത് പൂര്‍ണമായ സന്തോഷത്തിന്റെ അനുഭൂതിയാണ്. ഇത്തരത്തിലൊരു വ്യക്തി എന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടേയില്ല.
അവള്‍ എന്റെ ജീവിതത്തില്‍ വന്നതിനു ശേഷമുള്ള നിമിഷങ്ങള്‍ എനിക്ക് വിവരിക്കാന്‍ പോലും കഴിയില്ല കാരണം ഇതൊരു പുതിയ അനുഭവമാണ്. കഴിഞ്ഞ 30 വര്‍ഷത്തെ എന്റെ ജീവിതത്തില്‍ ഇതുവരെ മറ്റൊരാളോടും തോന്നാത്ത അടുപ്പമാണ് എനിക്ക് അവളോട് തോന്നുന്നത്.
യുഗങ്ങളായി എനിക്ക് അവളെ പരിചയമുള്ളതുപോലെ. ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ ശക്തവും ദൃഢവുമായിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു. അവളോടൊപ്പം ചെയ്യുന്ന എല്ലാ കാര്യങ്ങളും കിറുകൃത്യമാണ്. അവളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും പവിത്രമാണ്. അവളോട് എനിക്ക് തോന്നുന്ന വികാരം എന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്ന് വരുന്നതാണ്, അവിടെയാണല്ലോ സ്‌നേഹം മുളപൊട്ടുന്നത്.”- എന്നാണ് നവ്‌നീതിന്റെ വാക്കുകള്‍.
തന്റെ ഭാവി ഭര്‍ത്താവിനെപ്പറ്റി മാളവികയും മനസുതുറന്നു. ”എന്റെ മാതാപിതാക്കള്‍ പ്രണയിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അത് ഒരിക്കലും വെറുമൊരു വിവാഹബന്ധം മാത്രമല്ല മറിച്ച് ഒരാള്‍ മറ്റൊരാളില്‍ സൗഹൃദവും ഇണക്കവും കണ്ടെത്തല്‍ കൂടിയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അപ്രതീക്ഷിതമായിട്ടാണ് അവനോടെനിക്ക് പ്രണയം തോന്നിയത്.
അത് അങ്ങനെയങ്ങു സംഭവിച്ചു പോവുകയായിരുന്നു. ഒടുവില്‍ ഞങ്ങളുടെ വിവാഹനിശ്ചയ മുഹൂര്‍ത്തമെത്തി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം, ആ നിമിഷത്തില്‍ ഞാന്‍ അലിഞ്ഞുചേരുകയായിരുന്നു. ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മള്‍ വിശ്വാസത്തോടെ ചിലത് ഏറ്റെടുക്കേണ്ട സമയം വരും.
അങ്ങനെ വിശ്വാസത്തെ മുറുകെപ്പിടിച്ച് ഞാനൊരു തീരുമാനമെടുത്തതിന് ശേഷം എന്റെ ജീവിതം മനോഹരമായ ഒരു സാഹസിക യാത്രയായി മാറി. ഓരോ ദിവസവും ഒരു പുതിയ അധ്യായമായിരുന്നു. ഓരോ ദിവസവും എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഫെയറി ടെയിലിലെ മനോഹരമായ പേജുകള്‍ ഞാന്‍ മറിച്ചുനോക്കുകയാണ്.”-മാളവിക പറയുന്നു.
മലയാളത്തിന്റെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കൾ കാളിദാസും മാളവികയും മലയാളികൾക്ക് സുപരിചിതരാണ്. കാളിദാസ് മലയാളം,തമിഴ് സിനിമകളിൽ സജീവമായപ്പോൾ മകൾ മാളവിക മോഡലിങ്ങിലും സ്‌പോർട്‌സിലുമാണ് കൂടുതൽ താല്പര്യം കാണിച്ചത്.
കൂർഗ് ജില്ലയിലെ മടിക്കേരിയിലെ റിസോർട്ടിൽ വച്ചുനടന്ന വിവാഹനിശ്ചയ ചടങ്ങിൽ മാളവികയുടെയും നവ്നീതിന്റെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. അടുത്തിടെയാണ് മാളവിക തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച പോസ്റ്റിലായിരുന്നു ഇത്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ കുറിപ്പിൽ പങ്കുവെച്ചിട്ടില്ല.
നടി അപർണ ബാലമുരളി നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത്.