മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹർജി നൽകിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദശാംശങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016-ൽ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ ഹൈക്കോടതി ചുമത്തി. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേൻ വൈഷ്‌ണവിന്റേതാണ് ഉത്തരവ്.
2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്. മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. ശ്രീധർ ആചാര്യലു ആണ് ഗുജറാത്ത് സർവ്വകലാശാലയ്ക്കും ഡൽഹി സർവ്വകലാശാലയ്ക്കും ഈ നിർദേശം നൽകിയത്.
ഇതിനെതിരെ ഗുജറാത്ത് സർവ്വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്. 1978-ൽ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് ബിരുദവും 1983-ൽ ഡൽഹി സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി എന്നാണ് നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നത്.
ഇക്കാര്യത്തിൽ മറയ്ക്കാൻ ഒന്നുമില്ലെന്നും എന്നാൽ, ബിരുദം സംബന്ധിച്ച വിശദശാംശങ്ങൾ കൈമാറണമെന്ന് നിർബന്ധിക്കാൻ വിവരാവകാശ കമ്മീഷന് കഴിയില്ലെന്നുമായിരുന്നു സർവ്വകലാശാലയുടെ വാദം.
വിശദാംശങ്ങൾ കൈമാറുന്നത് മോദിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഗുജറാത്ത് സർവ്വകലാശാലയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചിരുന്നു.