കോഴിക്കോട്: പേഴ്സണൽ സ്റ്റാഫിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സത്യം പുറത്ത് വന്നതിന് ശേഷം വീണ്ടും കാണാമെന്നും മന്ത്രി വീണ ജോർജ് പ്രതികരിച്ചു.
ജോലിക്ക് കൈക്കൂലി വാങ്ങിയ വിവാദത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആരോപണം പുറത്ത് വന്ന സമയത്തും നിലപാടെടുത്തിരുന്നു. സെപ്തംബർ 13 ന് പരാതി ലഭിച്ചുവെന്നും അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്നുമായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണം.
അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും മന്ത്രി വസ്തുതകൾ നിരത്തി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പരാതി പൊലീസിന് കൈമാറിയിരുന്നുവെന്നും. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇക്കാര്യം അറിയിച്ചുവെന്നും സെപ്തംബർ 20 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പേഴ്സണൽ സ്റ്റാഫ് അംഗത്തിന് മേൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതടക്കം അന്വേഷിക്കണം എന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. പിഎസ് നൽകിയ പരാതി പൊലീസിന് കൈമാറി. പേഴ്സണൽ സ്റ്റാഫ് അംഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. അഴിമതി വച്ചുപൊറുപ്പിക്കാനാവില്ല. പേഴ്സണൽ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടി. അത് ലഭിച്ച ശേഷമാണ് പരാതി പൊലീസിന് കൈമാറിയത്.
ഇതിനകത്തൊരു കുറ്റകൃത്യമോ, ഗൂഢാലോചനയോ, ആരൊക്കെ അതിൽ ഉൾപ്പെട്ടുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കണം. സർക്കാരിനോ വകുപ്പിനോ ഇക്കാര്യത്തിൽ രണ്ട് വശമില്ല. അഴിമതി നടക്കരുതെന്ന നിലപാട് മാത്രമേയുള്ളൂ. രേഖാമൂലം വകുപ്പിന് ലഭിച്ച പരാതി അവർ പൊലീസിന് നൽകിയോ എന്നറിയില്ല.
അവരെ താൻ കണ്ടിട്ടില്ല. വകുപ്പിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതി താൻ പൂഴ്ത്തിവെച്ചിട്ടില്ല. പേഴ്സണൽ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിയമനടപടി സ്വീകരിക്കണമെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു.