
തിരുവനന്തപുരം: നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ വാക് പോര്. കേന്ദ്ര ബജറ്റിനെ ന്യായീകരിച്ച് രംഗത്തെത്തിയ സുരേന്ദ്രൻ, കേരളത്തെ അവഗണിച്ചിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. അതിനിടെയാണ് റിയാസിന് നേരെ അധിക്ഷേപ പരാമർശം സുരേന്ദ്രൻ തൊടുത്തുവിട്ടത്.
കേരളം വേറൊരു രാജ്യമായി കാണാൻ ആഗ്രഹിക്കുന്ന ആളാണ് മുഹമ്മദ് റിയാസ് എന്നായിരുന്നു വാർത്താ സമ്മേളനത്തിനിടെ സുരേന്ദ്രൻ പറഞ്ഞത്. സുരേന്ദ്രന്‍റെ പരാമർശത്തിന് മറുപടിയുമായി പിന്നാലെ റിയാസും രംഗത്തെത്തി. മാലിന്യം നിറഞ്ഞ മനസാണ് സുരേന്ദ്രനെന്നായിരുന്നു റിയാസിന്‍റെ പ്രതികരണം. സുരേന്ദ്രന്‍റേത് നിലവാരം കുറഞ്ഞ മറുപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന് വേണ്ടി വകയിരുത്തുകയല്ല, വകവരുത്തുകയാണ് കേന്ദ്രം ചെയ്തതെന്നും സാമ്പത്തികമായി കേരളത്തെ കൊലപ്പെടുത്താൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും റിയാസ് അഭിപ്രായപ്പെട്ടു.
ബജറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്.
ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്.
ബജറ്റ് നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഇന്നത്തെ രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിട്ടുള്ളത്. കേരളത്തിന്റെ കാര്യമെടുത്താല്‍, നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല.
പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാർഹവുമാണ്. കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് ഇടപെട്ട് നടത്തേണ്ടവയാണ്. ഇതിന് ഏറ്റവും അനിവാര്യമായ കാര്യം സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ്. ആ ശാക്തീകരണം സാധ്യമാകാതെ കാർഷികാഭിവൃദ്ധി എങ്ങനെ കൈവരിക്കാനാകും?
വായ്പാ പരിധി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവിടാന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കും അതില്‍ സാമ്പത്തിക ചെലവുണ്ട്. ഇത്തവണ നഗരവികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങളില്‍ കേന്ദ്രം കൈകടത്തുന്നതായാണ് കാണുന്നത്.
സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കേണ്ടതുണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തില്‍ പരാമർശിച്ചിരിക്കുന്നു. ജി.എസ്.ടി നിലവില്‍ വന്നതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂ. അതുപോലും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ കേന്ദ്രത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമാക്കാനാണ് ബജറ്റില്‍ ശ്രമം നടത്തിയിരിക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്.
പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതായിട്ടാണ് ബജറ്റ് രേഖകളിൽ കണുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ 2022 – 23ൽ 2,72,802 കോടി രൂപയായിരുന്നു വകയിരുത്തിയതെങ്കിൽ ഇത്തവണ അത് 2,05,220 കോടി രൂപ മാത്രമാണ്. പ്രധാനമന്ത്രി പോഷൺ അഭിയാൻ പദ്ധതിയിൽ 2022 – 23ൽ 12,681 കോടി രൂപ വകയിരുത്തിയിരുന്നു. അത് 12,467 കോടി രൂപയായി ചുരുക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2022 – 23ൽ 90,806 കോടി രൂപ വകയിരുത്തിയെങ്കിൽ ഇത്തവണ 86,000 കോടി രൂപ മാത്രമാണുള്ളത്.
ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പദ്ധതികളോടുള്ള ഉദാസീനമായ സമീപനമാണ്.കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമീപനത്തിനെതിരെ ശക്തിയായ പ്രതിഷേധം അറിയിക്കുകയാണ്. ഈ അവഗണനയ്ക്കെതിരെ കേരളത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ അഭിപ്രായസമന്വയമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.