വിവേചനപരമായ ബജറ്റെന്ന് വിമർശനം; നീതി ആയോഗ് യോഗം കോൺഗ്രസ് ബഹിഷ്കരിക്കാൻ, തമിഴ്നാടും ഒപ്പം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ അവഗണന നേരിട്ടുവെന്ന് ആരോപിച്ച് കോൺ​ഗ്രസ് മുഖ്യമന്ത്രിമാർ നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും. ചൊവ്വാഴ്ച കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് അങ്ങേയറ്റം വിവേചനപരമാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യത്തെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായിരുന്നു ബജറ്റെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വിളിച്ചുചേർത്ത യോ​ഗമാണ് നിലവിൽ ബഹിഷ്കരിക്കുമെന്ന് കോൺ​ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. 'ഈ സർക്കാരിന്റെ നിലപാട് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇത്തരമൊരു ഭരണകൂടത്തിന്റെ വിവേചനപരമായ വശങ്ങൾ മറയ്ക്കുന്നതിന് വേണ്ടി മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പരിപാടിയിൽ തങ്ങൾ പങ്കെടുക്കില്ല', വേണു​ഗോപാൽ എക്സിൽ കുറിച്ചു.

ബജറ്റ് അവഗണനയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അവ​ഗണിച്ച കേന്ദ്ര ബജറ്റിനെതിരായ പ്രതിഷേധമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച ഡി.എം.കെ എം.പിമാർ വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News