33.4 C
Kottayam
Saturday, April 20, 2024

കൃഷി പഠിക്കാൻ പോയ ബിജു ഇസ്രയേലിൽ മുങ്ങിയത് ആസൂത്രിതമെന്ന് മന്ത്രി; ചെയ്യാൻ പാടില്ലാത്ത കാര്യം

Must read

തിരുവനന്തപുരം: ആധുനിക കൃഷിരീതി പഠിക്കാനായി ഇസ്രയേലിലേക്ക് പോയ സംഘത്തില്‍നിന്ന് കണ്ണൂര്‍ സ്വദേശി ബിജുകുര്യന്‍ മുങ്ങിയത് ആസൂത്രിതമായെന്ന് മന്ത്രി പി.പ്രസാദ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. നല്ല ഉദ്ദേശ്യത്തോടെയാണ് കര്‍ഷകസംഘത്തെ ഇസ്രയേലിലേക്ക് അയച്ചത്. സംഭവത്തില്‍ എംബസിയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇസ്രയേലില്‍നിന്നുള്ള സംഘം നാളെ മടങ്ങിയെത്തിയശേഷം കൂടുതല്‍ നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.

17-ാം തീയതിയാണ് ബിജുകുര്യന്‍ സംഘത്തില്‍നിന്ന് മാറിയത്. പിന്നീട് അദ്ദേഹത്തെ കാണാതായി. തുടര്‍ന്ന് താന്‍ സുരക്ഷിതനാണെന്നും തന്നെക്കുറിച്ച് തിരക്കേണ്ടെന്നും അദ്ദേഹം ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചു. അപ്പോളാണ് ബോധപൂര്‍വം മുങ്ങിയതാണെന്ന് വ്യക്തമായതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇസ്രയേലില്‍നിന്ന് കാണാതായ ബിജുകുര്യന്‍ കര്‍ഷകനാണോ എന്നതിലും ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ പേരട്ട സ്വദേശിയായ ഇദ്ദേഹം എല്‍.ഐ.സി. ഏജന്റാണെന്നും വലിയരീതിയിലുള്ള കര്‍ഷകനല്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം എങ്ങനെയാണ് കര്‍ഷകരുടെ പട്ടികയില്‍ കയറിപ്പറ്റിയതെന്നും ചര്‍ച്ചയാകുന്നുണ്ട്.

സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്ക് അയച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 17-ന് രാത്രി ബിജുവിനെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവെ ബിജു വാഹനത്തില്‍ കയറിയില്ലെന്നും തുടര്‍ന്ന് കാണാതായെന്നുമാണ് വിവരം.

പാസ്പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് ഇദ്ദേഹത്തിന്റെ കൈയിലുണ്ടെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്നവര്‍ വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഇസ്രയേല്‍ പോലീസും ബിജുവിനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇസ്രയേലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നു. എന്നാല്‍ വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്. ഇതിന് മേയ് എട്ടുവരെ കാലാവധിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week