32.3 C
Kottayam
Saturday, April 20, 2024

മന്ത്രി റിയാസ് ഒരടി പിന്നോട്ടില്ല,അവിശുദ്ധ കൂട്ടുകെട്ടുണ്ട്

Must read

കോഴിക്കോട്: എംഎൽഎമാരെ കൂട്ടി കരാറുകാർ കാണാൻ വരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിൽ താൻ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാർ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎൽഎമാരുമായി കരാറുകാർ വരുന്നതിൽ തെറ്റില്ല. ചില എം.എൽ.എമാർ മറ്റ് മണ്ഡലങ്ങളിൽ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു.

അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കരാറുകാരെ സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചാണെന്നും റിയാസ് പറഞ്ഞു. ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. കരാറുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. താൻ പറയുന്നത് എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല. ചിലർ തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ് പറഞ്ഞത്.

അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താൻ പറഞ്ഞ കാര്യങ്ങൾ സിഎജി റിപ്പോർട്ടിലും പരാമർശമുള്ള കാര്യങ്ങളാണ്. കരാറുകാരുമായി ഇടപെടുമ്പോൾ അവർ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളിൽ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണ്. അതിൽ ഭരണകക്ഷി എംഎൽഎമാർ എതിർപ്പ് പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ല.

തനിക്കെതിരെ പടപ്പുറപ്പാടെന്ന് കേട്ട് സന്തോഷിക്കുന്നവർക്ക് മാത്രമാണ് ഈ മറുപടികളെന്നും മന്ത്രി പറഞ്ഞു. മാർക്കറ്റ് വില കുറയുമ്പോഴും കൂടിയ സമയത്തെ വിലയിട്ട് കരാർ ഉണ്ടാക്കുന്നു.ഒ രു ജില്ലയുടെ ഇൻവോയിസ് മറ്റൊരു ജില്ലയുടേതെന്ന് കാണിക്കുന്നു. ഇത് കാരണം സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു.

ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇതെന്നും സമയബന്ധിതമായി പണികൾ തീർക്കാതിരിക്കുന്നതിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും തോണ്ടിയാൽ നിന്ന് പോകുന്നതല്ല വകുപ്പിന്റെ പ്രവർത്തനമെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week