കന്നഡ സിനിമയിലെ നടിമാർ നേരിടുന്ന ലൈംഗികാതിക്രമം: യോഗം വിളിക്കാൻ നിർദേശിച്ച് വനിതാ കമ്മീഷൻ
ബെംഗളൂരു: കന്നഡ സിനിമാ മേഖലയിൽ നടിമാർ നേരിടുന്ന ലൈംഗികാതിക്രമമുൾപ്പെടെ ചർച്ച ചെയ്യാൻ വനിതാ സിനിമാപ്രവർത്തകരുടെ യോഗം വിളിക്കുന്നു. സംസ്ഥാന വനിതാകമ്മിഷന്റെ നിർദേശപ്രകാരം കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സാണ് യോഗം വിളിക്കുന്നത്.
16-നാണ് യോഗം നടത്താനുദ്ദേശിക്കുന്നതെന്നും അന്തിമതീരുമാനം തിങ്കളാഴ്ചയെടുക്കുമെന്നും ചേംബർ പ്രസിഡന്റ് എൻ.എം. സുരേഷ് പറഞ്ഞു. യോഗം 13-ന് വിളിക്കാനാണ് വനിതാ കമ്മിഷൻ നിർദേശിച്ചത്. പലർക്കും അസൗകര്യമുള്ളതിനാലാണ് 16-ലേക്ക് മാറ്റിയതെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് വനിത – ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ ഉറപ്പുനൽകി. സിനിമാ മേഖലയിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമത്തിനെതിരേ നിലകൊള്ളുന്ന സംഘടനയായ ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാളിറ്റിക്കാണ് (‘ഫയർ’) മന്ത്രി ഉറപ്പുനൽകിയത്.
മലയാളസിനിമയിൽ നടിമാർ നേരിടുന്ന അതിക്രമങ്ങൾ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റിക്ക് സമാനമായി മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതിക്ക് കന്നഡ സിനിമാ മേഖലയിലും രൂപം നൽകണമെന്നാവശ്യപ്പെട്ട് ‘ഫയർ’ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കഴിഞ്ഞദിവസം കത്തുനൽകിയിരുന്നു. മുഖ്യമന്ത്രിയെ കണ്ടും ആവശ്യമുന്നയിച്ചു. ആലോചിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.